ന്യൂഡൽഹി: രാജ്യം കടന്നുപോകുന്നത് മാറ്റത്തിന്‍റെ സുപ്രധാന ഘട്ടത്തിലൂടെയാണെന്നും അടുത്ത 25വർഷം രാജ്യത്തിന് നിർണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്‌സിറ്റി (പി.ഡി.പി.യു) വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘ഇന്നത്തെ ഇന്ത്യ ഒരു സുപ്രധാന മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്‍റെ നിലവിലുള്ളതും ഭാവിയും രൂപപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഒരു നിമിഷം ചിന്തിക്കുക, നമ്മൾ ഒരു സുവർണ്ണ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല’ -വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പൂർത്തിയാക്കുന്നു. 2047ൽ ഞങ്ങൾ സ്വാതന്ത്ര്യം 100 വർഷം പൂർത്തിയാക്കും. ഇതിനർത്ഥം വരുന്ന 25 വർഷങ്ങൾ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട 25 വർഷം നിങ്ങളുടെ പ്രധാനപ്പെട്ട വർഷമാണ് -അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തബോധം വളർത്തുന്ന ആളുകൾക്ക് മാത്രമേ ജീവിതത്തിൽ വിജയമുണ്ടാകൂ. ഒരാൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോഴാണ് വിജയം ആരംഭിക്കുന്നത്, അയാൾക്ക് അത് ഭാരമായി തോന്നുന്നെങ്കിൽ അവൻ പരാജിതനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.