ആഗ്ര: ഉത്തര്‍പ്രദേശില്‍ ദന്തഡോക്ടറെ കഴുത്തറുത്തു കൊന്നു. ആഗ്ര സ്വദേശി ഡോ. നിഷ സിംഗാൾ (38) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ നിഷയുടെ എട്ടും നാലും വയസ്സുള്ള രണ്ടു കുട്ടികൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

കേബ്ള്‍ ടിവി ടെക്‌നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളില്‍ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

യോഗി സര്‍ക്കാറിന്റെ കീഴില്‍ ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. കൊലപാതകവും ബലാത്സംഗവും നിത്യസംഭവമായിട്ടും സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാതെ നോക്കിനില്‍ക്കുകയാണ്. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.