മനാമ: കാരുണ്യ-സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കെ.എം.സി.സി ബഹ്‌റൈന്‍ കമ്മിറ്റിയുടെ ഇടപെടലില്‍ മലയാളി വ്യവസായിക്ക് ആശ്വാസം.

ബിസിനസിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് വലിയ കടബാധ്യതയിലും കേസുകളുമായി ഏറെ പ്രയാസപ്പെട്ട മലയാളി യുവാവിന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശാഫി പാറക്കട്ടയുടെ ഇടപെടലിനെ തുടര്‍ന്ന് കുടിശ്ശികയിനത്തില്‍ വലിയ ഇളവാണ് ലഭിച്ചത്. സ്വദേശി പൗരനാണ് വാടകയിനത്തില്‍ 12,000 ദിനാര്‍ ലഭിക്കാനുണ്ടെന്ന് കാണിച്ച് മലയാളി വ്യവസായിക്കെതിരേ കേസ് നല്‍കിയത്.

തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഈ ദുരിതം മനസിലാക്കി കെ.എം.സി.സി ബഹ്‌റൈന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ നിസാമുദ്ധീന്‍ മരായമംഗലമാണ് വിഷയം ശാഫി പാറക്കട്ടയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ശാഫി പാറക്കട്ട വിഷയം സ്വദേശി പൗരനുമായി സംസാരിക്കുകയും യുവാവിന്റെ നിസഹായാവസ്ഥ മനസിലാക്കി കൊടുക്കുകയും ചെയ്തതോടെ വാടക കുടിശ്ശിക 12,000 ദിനാറില്‍നിന്ന് 7000 കുറച്ച് 5000 ദിനാര്‍ നല്‍കിയാല്‍ മതിയെന്ന് സമ്മതിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ സ്വദേശി പൗരന്‍ തയാറാവുകയും ചെയ്തതോടെ ജീവിതം തന്നെ തിരികെ ലഭിച്ച ആശ്വാസത്തിലാണ് മലയാളി യുവാവ്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തടഞ്ഞുവച്ച ഇദ്ദേഹത്തിന്റെ 4000 ദിനാര്‍ തുക ശാഫി പാറക്കട്ടയുടെ ഇടപെടലിനെ തുടര്‍ന്ന് തിരികെ ലഭിച്ചിരുന്നു. പ്രവാസലോകത്ത് ഒറ്റപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്ന കെ.എം.സി.സിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.