ദുബൈ: മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി നാട്ടിലേക്ക് പോകാന്‍ റെഡിയായി കാത്തിരിക്കുന്നതിനിടയിലാണ് ദുബൈയിൽ വെച്ച് മരിച്ചത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അടുത്ത ദിവസം നാടണയാനിരുന്ന മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി തിരുനാവായ കളത്തില്‍ മുഹമ്മദ് സലീഖ് (42) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് അല്‍ഖൂസ് ഖബര്‍സ്താനില്‍ ഖബറടക്കം നടന്നു. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി, ഉസ്മാന്‍ പൂക്കാട്ടിരി, ശരീഫ് കരേക്കാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ദുബൈയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ റിക്രൂട്ട് ചെയ്ത് എത്തിയ മുഹമ്മദ് സലീഖ്. വന്ന നാൾ
മുതൽ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ലോക്ക്ഡൗണില്‍ പെട്ടു. ഇതിനിടക്ക് നാട്ടിലേക്ക് കയറ്റി വിടണമെന്ന് കമ്പനിയെ അറിയിച്ചത് പ്രകാരം കോണ്‍സുലേറ്റ് ഇടപെടലില്‍ 300 പേരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അയക്കാന്‍ കമ്പനി തയാറായി. ഇതിലുള്‍പ്പെട്ടയാളായിരുന്നു മുഹമ്മദ് സലീഖ്.

നാട്ടിലേക്ക് പോകാന്‍ താമസ സ്ഥലത്ത് പെട്ടി കെട്ടി തയാറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ റാഷിദ് ആശുപത്രിയില്‍ എത്തിച്ചു. ആറു ദിവസമായി വെന്റിലേറ്റര്‍ സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്.

സലീഖ് കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഷാര്‍ജയില്‍പോയി തിരിച്ചു വന്ന് കുളിച്ചു ഭക്ഷണം കഴിക്കാനിരുന്നതിനിടെ ചെവിയുടെ പിറകു വശത്ത് നല്ല വേദനയുണ്ടെന്നും, തല ചുറ്റുന്നുവെന്ന് പറഞ്ഞ് കിടക്കുകയും ചെയ്തു. കൂടെ താമസിക്കുന്നവര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചു. രക്തസമ്മര്‍ദം കൂടി ശിരസ്സിലെ ഞരമ്പ് പൊട്ടിയതാണെന്നാണ് ആശുപത്രിയില്‍ നിന്നറിയിച്ചത്. ഇന്‍ട്രാ സെറിബ്രല്‍ ഹെമറേജ് മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ന്യൂമോണിയയും മരണ കാരണമായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സലീഖിന്റെ മരണം ദുബായിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

വർഷങ്ങൾക്ക് മുന്‍പ് തിരൂര്‍ കാരത്തൂരില്‍ സ്റ്റാര്‍ ഹോട്ടല്‍ നടത്തിയിരുന്ന സ്റ്റാര്‍ കുഞ്ഞുമോന്‍ എന്ന മൊയ്തീന്‍കുട്ടിയുടെ മകനാണ് മുഹമ്മദ് സലീഖ്. ഭാര്യ: അബീബാബി. മക്കള്‍: റന്‍ഷിബ ഷെറിന്‍, റുഷ്ദ ഷെറിന്‍, റിസ്‌വ ഷെറിന്‍.