മനാമ: വായനാദിനതോടനുബന്ധിച്ച് ടീൻ ഇന്ത്യ റിഫാ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വായനാദിനം ആചരിച്ചു. നജ്‌ദാ റഫീഖിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മലർവാടി കോഴിക്കോട് ജില്ലാ സമിതി അംഗവും ചൈൽഡ് സൈക്കോളജി സ്‌പീക്കറുമായ വി.പി ജസീൽ ഉദ്ഘാടനം നിർവഹിച്ചു. കൊറോണ കാലത്ത് പരസ്പരം അകലം പാലിക്കുകയും അതോടൊപ്പം പുസ്തകങ്ങളോട് അടുക്കാൻ ശ്രമിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തന്റെ ജീവിതത്തിലെ നീണ്ട മുപ്പത് വർഷങ്ങൾ വായനക്കും പുസ്തകങ്ങൾക്കും മാത്രമായി മാറ്റിവെച്ച പി.എൻ പണിക്കരുടെ ഓർമ്മക്കായാണ് കേരളത്തിൽ ജൂൺ 19 ന് വായനാദിനമായി ആചരിക്കുന്നതെന്നും കേരള ജനതയെ വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് നയിച്ച അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ഉദ്ഘാടകൻ പ്രസംഗത്തിൽ അനുസ്മരിച്ചു. തുടർന്ന് നടന്ന പുസ്തകപരിചയ മത്സരത്തിൽ ബഹ്റൈന്റെ അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഷംജിത്, പി.എം അഷ്‌റഫ്‌, ഇർഷാദ് കുഞ്ഞിക്കനി, സുഹൈൽ റഫീഖ്, യൂനുസ് രാജ്, രെഹ്ന ആദിൽ എന്നിവർ വിധികർത്താക്കളായി. വായനാ മത്സരത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വായനാ ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് ലിയ ഹഖും, നുസ്‌ഹ കമറുദീനും തയ്യാറാക്കിയ വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻസ് ഏരിയ കൺവീനർ ഷൈമില നൗഫൽ സ്വാഗതവും റുഫൈദ റഫീഖ് നന്ദിയും പറഞ്ഞു. സുഹൈൽ മുഹമ്മദ്‌, സോന സക്കരിയ, ബുഷ്റ റഹീം, നസീറ ശംസുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.