ന്യൂ ഡെൽഹി: ബോളീവുഡ് നടി കങ്കണ റണൗത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കാന്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കങ്കണ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം. പാല്‍ഘര്‍, സുശാന്ത് സിങ് രജ്പുത് കേസുകളിലെ ട്വീറ്റുകളാണ് കേസിന് ആധാരം.

കങ്കണയുടെ സഹോദരിക്കെതിരെയും കേസ് എടുക്കും.
പരാതിക്കാരന്റെ ഹരജിയില്‍ പറയുന്നതു പോലെ കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടതായും കോടതി പറഞ്ഞു.

പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോപണ വിധേയര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. മജിസ്ട്രേറ്റ് ജയ്ദോ ഘുലെയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ എഫ്‌ഐആര്‍ ഇടണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സുശാന്ത് സിങ് രജ്പുതിന്റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളിലൊക്കെ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

ഇലക്ട്രോണിക് മീഡിയയിലും ട്വിറ്ററിലും അഭിമുഖങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും. ഇതിന് വിദഗ്ധരുടെ വിശദമായ അന്വേഷണം ആവശ്യമാണ്’- മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.

കാസ്റ്റ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ വിവിധ വകുപ്പുകളും, 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രിക്കുക), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നിവയും ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ട്രെയിനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് കങ്കണ നടത്തുന്നതെന്നും പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നു. ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്താണെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങളും വികാരങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ആരാണെന്നും കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് കങ്കണയ്ക്കെതിരെ കര്‍ണാടക പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.