മനാമ: അന്തരിച്ച മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി. മോയിന്‍കുട്ടി എല്ലാകാലത്തും ജനങ്ങള്‍ക്കുവേണ്ടി നലകൊണ്ട ജനകീയ നേതാവായിരുന്നെന്ന് പി.കെ.കെ ബാവ. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി. മോയിന്‍കുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തെ കുടുംബമായി കണ്ടിരുന്ന അദ്ദേഹം ആത്മാര്‍ത്ഥതയോടെയും നിഷ്‌കളങ്കതയോടെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്ത് പ്രശ്‌നമായാലും കൃത്യമായി മനസ്സിലാക്കി പരിഹാരം പ്രായോഗികമായി നടപ്പാക്കിയിരുന്ന അദ്ദേഹം പരിചയപ്പെട്ടവരെ എല്ലാകാലത്തും ഓര്‍ക്കുകയും അവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധയും കാണിച്ചിരുന്നു. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം ജനങ്ങള്‍ക്ക് മുന്‍പില്‍ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തി. അണികള്‍ക്ക് വേണ്ടി ജീവിച്ച ഏവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്ന സി. മോയിന്‍കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരനായ അദ്ദേഹം മുഖം മൂടിയില്ലാതെ പ്രവര്‍ത്തച്ച പച്ചയായ മനുഷ്യനായിരുന്നു. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന് ഏറെ ശ്രദ്ധകാണിച്ച നേതാവായിരുന്നു അദ്ദേഹം. ആളുകളെ ചേര്‍ത്തുവയ്ക്കാന്‍ സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം, എസ്.വി ജലീല്‍, ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഷാജഹാന്‍ പരപ്പന്‍പൊയില്‍ എന്നിവര്‍ സംസാരിച്ചു. ഈർഷാദ്‌ കണ്ണൂർ ഖിറാഅത്ത് പാരായണവും കെ.പി മുസ്തഫ സ്വാഗതവും എം.എ റഹ്മാന്‍ നന്ദിയും പറഞ്ഞു. പി.കെ ഇസ്ഹാഖ് പരിപാടി നിയന്ത്രിച്ചു.