മനാമ: ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പിന് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു.ബയോമെഡിക്കൽ എഞ്ചിനീയറായി കഴിഞ്ഞ 37 വർഷമായി ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിച്ച ജോൺ, നിസ്വാർത്ഥനായ ഒരു വ്യക്തിയും, കമ്മ്യൂണിറ്റി സന്നദ്ധപ്രവർത്തകനുമാണെന്നും ഐ.സി‌.ആർ‌.എഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഐ.സി‌.ആർ.‌എഫിന്റെ തുടക്കം മുതൽ സജീവ അംഗമായിരുന്ന ജോൺ, 2019ൽ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

എല്ലാ സന്നദ്ധ പ്രവർത്തനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയ അദ്ദേഹം ഐ.സി‌.ആർ‌.എഫ് നടത്തിയ നൂറോളം മെഡിക്കൽ ക്യാമ്പുകളുടെ കോർഡിനേറ്ററായി വിവിധ ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഐ.സി‌.ആർ‌.എഫ് ഹോസ്പിറ്റൽ കോർഡിനേറ്ററായി പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ 3 ദശകങ്ങളിൽ സൽമാനിയ ആശുപത്രിയിലേക്ക് വരുന്ന ആയിരക്കണക്കിന് പ്രവാസികളിൽ അർഹരായ വ്യക്തികൾക്ക് സഹായം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2016 മുതൽ 3 വർഷത്തോളം പ്രവാസി മലയാളി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

“സൂം വഴി ഒരുക്കിയ യാത്രയപ്പ് പരിപാടിയിൽ മുൻ ചെയർമാൻ ജോൺ ഐപ്പ് അടക്കമുള്ള നിരവധി ഐ.സി.ആർ.എഫ് പ്രതിനിധികളും പങ്കെടുത്തു”.

ഐ.സി.‌ആർ.‌എഫിന് ജോൺ ഫിലിപ്പ് നൽകിയ വിലമതിക്കാനാവാത്ത പിന്തുണയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മെമെന്ടോ നൽകി ആദരിച്ചു.

ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ് തോമസ്, ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഭഗവാൻ അസർപൊട്ട, വൈസ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലുര്, കൂടാതെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ള എന്നിവർ പങ്കെടുത്തു.

നിരാലംബരായ അംഗങ്ങൾക്ക് നിരുപാധികമായ പിന്തുണ നൽകുന്ന ഒരു സമർപ്പിത അംഗത്തെയും സന്നദ്ധപ്രവർത്തകനെയും ഐ.‌സി.‌ആർ.‌എഫി.ൽ ഞങ്ങൾക്ക് നഷ്ടപ്പെടും” – യാത്രയയപ്പു ചടങ്ങിൽ ഐ.സി.‌ആർ.‌എഫ് ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു.

ഐ.സി.ആർ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ഗൈഡും ഉപദേശകനും ടീമിന് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു ശൂന്യത സൃഷ്ടിക്കും, എന്നിരുന്നാലും ഞങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജ്ജസ്വലതയോട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഞങ്ങൾ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോൺ ഫിലിപ്പിനും കുടുംബത്തിനും ഐ.സി.ആർ.എഫിന്റെ എല്ലാവിത ആശംസകളും നേരുന്നതായി ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.