ന്യൂഡൽഹി: നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി ഇന്ത്യയെ വലിയ അപകടങ്ങളിലേക്കാണ് വലിച്ചിഴക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും തെളിയിക്കുന്നുണ്ട്. സമ്പദ്ഘടനയും ദേശീയ സുരക്ഷയും അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്താന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. നോട്ടുപിന്‍വലിക്കല്‍ മുതല്‍ ഗല്‍വാന്‍ ഏറ്റുമുട്ടല്‍ വരെയുള്ള ഓരോ പ്രശ്‌നങ്ങളും മോദിയെന്ന ഭരണാധികാരിയുടെ പിടിപ്പുകേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ലഡാക്കിലെ നിയന്ത്രണരേഖക്ക് സമീപം ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവത്തിന് തെളിവാണ്.

ചൈനീസ് നുഴഞ്ഞുകയറ്റം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, അതേക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനാണ് മോദി ശ്രമിച്ചത്. മെയ് അഞ്ചിന് തന്നെ അതിര്‍ത്തില്‍ അപട സാധ്യത
മണത്തിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മാത്രമാണ് മോദി പറഞ്ഞുകൊണ്ടിരുന്നത്. ഏറ്റവുമൊടുവില്‍ ധീരരായ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന ദുരന്തപൂര്‍ണമായ സാഹചര്യത്തിന് സാക്ഷിയാകേണ്ടിവന്നു. അതിന് ശേഷമാണ് മോദി സര്‍വ്വകക്ഷി യോഗം വിളിച്ച് വിശദീകരണത്തിന് തയാറായത്. യോഗത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ പരിഹാസ്യമായിരുന്നു. മൈതാന പ്രസംഗമായി അധ:പതിച്ച വിശദീകരണത്തിന്റെ മുനയൊടിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനായാസം സാധിച്ചു.

ഗല്‍വാന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സ്വാഭാവിക സംശയങ്ങള്‍ക്കൊന്നും മോദി മറുപടി നല്‍കിയില്ല. ഇന്ത്യയിലേക്ക് ചൈനയുടെ ഒരു സൈനികന്‍ പോലും നുഴഞ്ഞുകയറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ത്യയുടെ സൈനിക പോസ്റ്റുകളെല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചൈനീസ് പട്ടാളക്കാര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണിലെത്തിയിട്ടില്ലെങ്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് എവിടെ വെച്ചാണെന്നും എങ്ങനെയാണെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ഇന്ത്യയുടെ ഭൂപ്രദേശം ചൈനക്ക് അടിയറവെച്ച ശേഷം രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്ന് വിളിച്ചുകൂവിയതുകൊണ്ട് കാര്യമില്ല.

പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍ക്കുമുന്നില്‍ മോദി ഉത്തരംമുട്ടുകയായിരുന്നു.

മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പുതിയ വിശദീകരണം കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനയുടെ പ്രദേശത്താണ് അവര്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് ശ്രമിച്ചതെന്നും ഇന്ത്യന്‍ സേന അത് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു വിശദീകരണം.

വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ പ്രദേശത്ത് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയാണോ സൈന്യമാണോ കള്ളം പറയുന്നതെന്ന സ്വാഭാവിക ചോദ്യം കോണ്‍ഗ്രസ് ഉന്നയിച്ചെങ്കിലും കേന്ദ്രസര്‍ക്കാറിന് മറുപടി പറയാന്‍ സാധിച്ചില്ല.

പ്രധാനമന്ത്രി സത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതാണ് പ്രസ്താവനകളിലെ വൈരുദ്ധ്യത്തിന് കാരണം.

ചൈനയുടെ അനേകം സൈനികര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇന്ത്യ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും ജൂണ്‍ രണ്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തിയിരുന്നു.

അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രം അറിഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ നേരിടാന്‍ സാധിക്കാതെ ദേശീയത മറയാക്കി ഒളിച്ചോടാനാണ് മോദിയുടെ ശ്രമം. എതിരാളികള്‍ക്കെതിരെ അദ്ദേഹം എക്കാലവും പുറത്തെടുക്കുന്ന ആയുധവും അതാണല്ലോ. ദേശീയ ഐക്യവും സുരക്ഷയും ഉറപ്പാക്കി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം.

സൈനികരുടെ മനോവീര്യം തകര്‍ക്കുകയാണ് പ്രതിപക്ഷമെന്ന് കുറ്റപ്പെടുത്തി ബി.ജെ.പിയും രംഗത്തെത്തി. ഏതുവിധേനയും വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്.

ചൈനീസ് നുഴഞ്ഞുകയറ്റം മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന വാദവും ശക്തമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായതാണ് ചൈനക്ക് ധൈര്യം പകര്‍ന്നത്.

ചൈനയുടെ ആസൂത്രിത നീക്കങ്ങള്‍ ഗൗനിക്കാതെ കേന്ദ്രസര്‍ക്കാര്‍ നീണ്ട ഉറക്കത്തിലായിരുന്നു. ശക്തമായ ആയുധവിന്യാസവും അതിര്‍ത്തിയില്‍ ചൈന നടത്തിയിട്ടുണ്ട്. വിഭാഗീയതയും ഭീതിയും വിതച്ച് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാണിക്കുന്ന താല്‍പര്യവും ജാഗ്രതയും രാജ്യരക്ഷയുടെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിനില്ല.

ചൈനയുമായുള്ള ബന്ധത്തില്‍ മോദി സ്വീകരിച്ച നയത്തിന്റെ പരാജയം കൂടിയാണ് അതിര്‍ത്തി നുഴഞ്ഞുകയറ്റത്തില്‍ തെളിയുന്നത്. അയല്‍ രാജ്യമായ ചൈനയെ പ്രീണിപ്പിച്ച് ഇന്ത്യയോട് അടുപ്പിക്കുകയും പാകിസ്താനില്‍നിന്ന് അകറ്റുകയും ചെയ്യുകയെന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേത്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു പ്രകോപനം അദ്ദേഹം പ്രതീക്ഷിച്ചില്ല. ചൈനയുമായി സൗഹൃദം കൂടി പാകിസ്താനെ ഒറ്റപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അത്തരം നീക്കങ്ങള്‍ മുമ്പും പരാജയപ്പെട്ട അനുഭവമാണ് ഇന്ത്യക്കുള്ളത്. 1999ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പാകിസ്താന്‍ സന്ദര്‍ശിക്കുകയും ഡല്‍ഹിക്കും ലാഹോറിനുമിടക്ക് ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. വാജ്‌പേയിയുടെ ബസ് നയതന്ത്രത്തിന് പക്ഷെ, കാര്‍ഗില്‍ അധിനിവേശത്തിലൂടെയാണ് പാകിസ്താന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കാര്‍ഗിലില്‍നിന്ന് പാക് പട്ടാളക്കാരെ തുരത്താന്‍ ഇന്ത്യക്ക് തുറന്ന പോരാട്ടം നടത്തേണ്ടിവന്നു. ചൈനയുടെ കാര്യത്തില്‍ മോദിക്കും സംഭവിച്ചത് വാജ്‌പേയിക്കുണ്ടായ അതേ അനുഭവമാണ്.
ചൈന അപകടകാരിയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് മോദിയുടെ പ്രീണന നയങ്ങള്‍. 2015ല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിന് പുറമെ ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയുടെ കവാടങ്ങള്‍ തുറന്നുകൊടുക്കാനും അദ്ദേഹം അവസരമൊരുക്കി.
ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിച്ചുവെന്നായിരുന്നു അതിന്റെ ഗുണഫലമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. അപ്പോഴൊക്കെയും അതിര്‍ത്തിയില്‍ ചൈന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇനിയും തെറ്റുകളില്‍നിന്ന് പാഠം പഠിച്ച് മോദി നയം മാറ്റത്തിന് തയാറായില്ലെങ്കില്‍ രാജ്യം അതിന് കനത്ത വില നല്‍കേണ്ടിവരും.