മുംബൈ: അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന് വെര്‍ച്വല്‍ സംഗീത സദസിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍. റഹ്മാന്‍. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരയില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് വെര്‍ച്വല്‍ സംഗീത സദസില്‍ അവതരിപ്പിച്ചത്.

ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേഗയകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി. സുശാന്തും സഞ്ജന സാങ്ഘിയുമാണ് ദില്‍ ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി ഒന്‍പത് ഗാനങ്ങളാണ് റഹ്മാന്‍ തയാറാക്കിയത്. ഈ ചിത്രത്തിന് വേണ്ടി താന്‍ തയാറാക്കിയ മുഴുവന്‍ ഗാനങ്ങളും എന്നും പ്രത്യേകത നിറഞ്ഞവ ആയിരിക്കും. അവയ്ക്ക് ഇന്ന് മറ്റൊരു അര്‍ത്ഥതലം വന്നിരിക്കുകയാണെന്ന് സുശാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് റഹ്മാന്‍ പറഞ്ഞു. ശേഷം ചിത്രത്തിന്റെ പ്രധാന ഗാനം റഹ്മാനും മകള്‍ റഹീമ റഹ്മാനും മകന്‍ എ ആര്‍ അമീനും ഹിരാല്‍ വിരാഡിയയും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് മസ്‌കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേര്‍ന്ന് ആലപിച്ചു.താരെ ജിന്‍ എന്ന എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേര്‍ന്ന് പാടി. ആര്‍ജിത് സിംഗ്,സാഷാ ത്രിപാഠി, ജോനിത ഗാന്ധി, ഹൃദയ് ഗട്ടാനി എന്നിവര്‍ പാടിയ ചിത്രത്തിലെ ഗാനങ്ങളും അവതരിപ്പിച്ചു.