ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നീറ്റ് പരീക്ഷയ്‌ക്കെത്താന്‍ കഴിയാത്ത ഗള്‍ഫ് നാടുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളൊരുക്കുകയോ പരീക്ഷ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന ആവശ്യത്തെ എതിര്‍ത്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് ഇന്ത്യയിലെത്താന്‍ വിമാനങ്ങളുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ പ്രയാസമുണ്ടാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ കഴിയില്ല. ഓണ്‍ലൈനായി നീറ്റ് പരീക്ഷ നടത്താനും സാധ്യമല്ല.

പലതവണ മാറ്റിവച്ച പരീക്ഷ ഇനിയും നീട്ടിയാല്‍ നീറ്റ് അക്കാദമിക്ക് കലണ്ടര്‍ തകിടം മറിയും. പ്രവേശന നടപടികളും വൈകും. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമോ, പരിശീലനമോ ലഭ്യമാക്കാന്‍ കഴിയില്ല. ജെ.ഇ.ഇ. പരീക്ഷ പോലെ വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധ്യമല്ല. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയമാണ് പരീക്ഷ നടക്കുക. ടൈംസോണ്‍ വ്യത്യസ്തമായതിനാലും മറ്റു പലകാരണങ്ങളാലും ഗള്‍ഫ് നാടുകളില്‍ ഇതിനായി ഇന്ത്യയില്‍ നടക്കുന്ന അതേ സമയം പരീക്ഷയ്ക്ക് സൗകര്യമൊരുക്കാന്‍ കഴിയില്ല. പല സമയത്ത് പരീക്ഷ നടത്തിയാല്‍ ചോദ്യപ്പേപ്പര്‍ ചോരാം. ഗള്‍ഫിലേക്ക് വേറെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതും പ്രായോഗികമല്ലെന്നും സത്യവാങ്മൂലത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
പരീക്ഷയ്ക്ക് രാജ്യത്തിന് പുറത്ത് ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെങ്കില്‍ സൂക്ഷമമായ ആസൂത്രണം ആവശ്യമാണ്. ഈ വൈകിയ വേളയില്‍ അതിനി സാദ്ധ്യമല്ല. ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാല്‍ മെഡിക്കല്‍ കൗണ്‍സിലിന് അതിനു മേല്‍ നിയന്ത്രണമുണ്ടാകില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. നീറ്റ് പരീക്ഷ സപ്തംബര്‍ 13ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.