റിയാദ്: ഉംറ തീര്‍ഥാടനം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. മൂന്ന് ഘട്ടങ്ങളിലായാണ് തീര്‍ഥാടനം തുടങ്ങുക. ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും അനുമതി നല്‍കും. ഹജ്ജ് – ഉംറ മന്ത്രി മുഹമ്മദ് സ്വാലേഹ് ബന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങള്‍ എടുത്തു കളയുക. ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും അനുവാദം നല്‍കും. ഇത് ശേഷിയുടെ നാല്‍പ്പത് ശതമാനം മാത്രമാണ് അനുവദിക്കുക. രണ്ടാം ഘട്ടത്തില്‍ 75 ശതമാനമായി തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും.
അവസാന ഘട്ടത്തില്‍ മുഴുവന്‍ ശേഷിയും അനുവദിക്കും. ഒപ്പം രാജ്യത്തിനു പുറത്ത് നിന്നുള്ളവര്‍ക്കും തീര്‍ഥാടനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലും ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് ബാധകമായിട്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക.
നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രയാസത്തിലായ ഉംറ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ടം നികത്തുന്നതിനുള്ള നടപടികള്‍ പഠിച്ചു വരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.