മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ഗള്‍ഫിലുടനീളം ‘മാറുന്ന ഇന്ത്യ’ എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി രാജ്യാന്തര സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ തിങ്കൾ രാത്രി 7 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുന്ന സംഗമത്തില്‍ കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ സി.മുഹമ്മദ് ഫൈസി (കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍), ടി.എന്‍ പ്രതാപന്‍ (എം.പി) എന്നിവരും ബഹ്‌റൈനിലെ സാമൂഹിക രാഷ്ടീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. വൈവിധ്യപൂര്‍ണ്ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകമുഖ സംസ്‌കാരമാക്കി രൂപാന്തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുമ്പോള്‍ ഐക്യവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിച്ച് ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി തെളിഞ്ഞുയരുന്ന രാജ്യമായി നമ്മുടെ നാട് മാറണം. ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഗള്‍ഫിലുടനീളം മാറുന്ന ഇന്ത്യ എന്ന വിഷയത്തെ ബഹുജന ചര്‍ച്ചക്ക് വിധേയമാക്കുന്നത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലും വ്യത്യസ്ത വിഷയങ്ങളില്‍ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി സെമിനാറുകള്‍ നടക്കും.