മേപ്പാടി: വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7. 45 നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം. പോസ്റ്റുമോര്‍ട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. അടുത്തകാലത്താണ് വിനോദസഞ്ചാരത്തിന് കൂടുതല്‍ പേര്‍ ഈ പ്രദേശത്തേക്ക് എത്താന്‍ തുടങ്ങിയത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപപ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളായ ഷഹാന അധ്യാപികയാണ്. അ സഹോദരങ്ങള്‍. ഡോ. ദില്‍ഷാത്, ലുഖ്മാന്‍, ഹിലാല്‍.