മനാമ: കോഴിക്കോട് നഗരത്തിലെ തെരുവീഥികൾ സംഗീത സാന്ദ്രമാക്കുന്ന ബാബുശങ്കർ എന്ന കോഴിക്കോട്ടുകാരുടെ “ബാബുഭായ്” സെപ്റ്റംബർ 25 വെള്ളിയാഴ്ച്ച ബഹ്‌റൈൻ സമയം വൈകീട്ട് 7 മണിക്ക് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഫേസ്ബുക്ക് പേജിൽ ലൈവ് ആയി പാടുകയാണ്.

മൂന്നര പതിറ്റാണ്ടിലേറെയായി ബാബുഭായിയുടെ പാട്ടു കുടുംബം കോഴിക്കോടിന്‍റെ സര്‍ഗ്ഗാഭിമാനമായി നഗരത്തിലെ വിവിധ ഇടങ്ങളിലായി പാടുന്നു. റഫിയും, കിഷോര്‍കുമാറും മുകേഷും, മന്നാഡെയും പാടിയ ഗാനങ്ങൾ കോഴിക്കോട് നഗരത്തിനായി പാടുന്നു. തെരുവുപാട്ടിന്‍റെ പ്രവാസവുമായി പലയിടങ്ങളില്‍ പാടിയലഞ്ഞ് ഒടുക്കം മാനവികതയുടെ മധുരം നിറയുന്ന കോഴിക്കോട് മിഠായി ത്തെരുവിന്‍റെ മടിത്തട്ടാണ് തന്‍റെയിടമെന്ന് കണ്ടെത്തിയാണ് ബാബുഭായ് കോഴിക്കോടിന്‍റെ സ്വന്തം പാട്ടുകാരനായി തീരുന്നത്.

ഹാർമോണിയത്തിൽ ഈണമിട്ട് ജീവിതസഖി ലതയും പാട്ടില്‍ ഒപ്പം കൂടി മകള്‍ കൗസല്യയും വന്നുചേര്‍ന്നതോടെ ബാബുഭായിയുടെ കുടുംബം കോഴിക്കോടിന്റെ പാട്ടു കുടുംബമായി. തീരാത്ത പാട്ടിന്‍റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാന്‍ ഉള്ളില്‍ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നതായി “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” വാർത്താകുറിപ്പിൽ അറിയിച്ചു.