മനാമ: ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരേഡിൽ കേരള ഫ്ലോട്ടിനോടൊപ്പം കോഴിക്കോടിൻ്റെ വാദ്യവും രാജ്പഥിൽ മുഴങ്ങും. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ സ്വദേശിയും ബഹ്റൈൻ സോപാനം വാദ്യകലാസംഘം ഗുരുനാഥനുമായ സന്തോഷ് കൈലാസാണ് ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ച് വാദ്യത്തിന് പങ്കെടുക്കുന്നത്. പരേഡിൽ പങ്കെടുക്കാനായി ക്ഷണം ലഭിച്ച സന്തോഷ് ബഹ്റൈനിൽ നിന്നും ഡൽഹിയിലെത്തി ആർമി ക്യാമ്പിൽ പരിശീലനത്തിലാണ്.കേരളത്തിലെ 14 ജില്ലകളിലും ശിഷ്യ സമ്പത്തുള്ള സന്തോഷ് കഴിഞ്ഞ 14 വർഷമായി ബഹ്റൈനിലാണ്. കേരളീയ വാദ്യകലക്ക് വിദേശമണ്ണിൽ വലിയ രീതിയിലുള്ള പ്രചാരം നൽകുന്ന ബഹ്റൈൻ സോപാനം വാദ്യകലാ സംഘത്തിന് നേതൃത്വം നൽകുന്ന സന്തോഷ് പ്രശസ്ത കഥകളി ആചാര്യനായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ബന്ധുകൂടിയാണ്. പ്രശസ്ത കലാകാരന്മാരായ കാഞ്ഞിലശ്ശേരി പത്മനാഭൻ, സദനം വാസുദേവൻ, തിച്ചുർ മോഹനൻ, അമ്പലപ്പുഴ വിജയകുമാർ എന്നിവരുടെ കീഴിൽ ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം എന്നിവ അഭ്യസിച്ച സന്തോഷ് കഴിഞ്ഞ 26 വർഷമായി വാദ്യ രംഗത്ത് പ്രവർത്തിക്കുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇത്തവണ കേരളത്തിന് പരേഡിൽ അവസരം ലഭിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരേഡ്. അതുകൊണ്ട് തന്നെ കലാകാരന്മാരുടേയും കാണികളുടേയും എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.  ഓരോ സംസ്ഥാനത്ത് നിന്നും 12 വീതം കലാകാരന്മാരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

17 സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുടേയും ദൃശ്യങ്ങളാണ് ഇക്കുറി പരേഡിന് മാറ്റുകൂട്ടുക. ‘ക്വയർ ഓഫ് കേരള’ എന്നതാണ് ഇത്തവണത്തെ കേരളത്തിൻ്റെ ദൃശ്യവിഷയം. കേരളത്തിൽ നിന്നുള്ള 12 കലാകാരന്മാർ ഒരുക്കുന്ന വാദ്യമേളവും തെയ്യക്കോലങ്ങളുമാണ് കേരളത്തിൻ്റെ ഫ്ലോട്ടിനോടൊപ്പം അണിനിരക്കുക. ഇൻഫർമേഷൻ പബ്ലിക്-റിലേഷൻ വകുപ്പിനാണ് നേതൃത്യം.