ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം.
തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവൻ പാട്ടി​ന്റെ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികൻ എസ്​.പി. ബാലസുബ്രഹ്​മണ്യം ഒടുവിൽ മരണത്തിന്​ കീഴടങ്ങി. ‘എസ്​.പി.ബി’ എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയു​ം സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സിൽ​. സമയവും കാലവും കീഴടക്കിയ സ്വരമാധുരിയിൽ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവർത്തിയുടെ വിടവാങ്ങൽ രാജ്യത്തി​ന്റെ ദുഃഖമായി. കോവിഡ്​ ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെൽത്ത്​ കെയറിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ്​ അന്ത്യം. വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ എസ്ബിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.