റിയാദ്: ജനിതക മാറ്റം സംഭവിച്ച കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു. സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കി. അതേസമയം വിദേശങ്ങളില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രക്കാരുടെ വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

വിദേശ വിമാനങ്ങള്‍ക്ക് സഊദിയിലെത്തി യാത്രക്കാരെ കൊണ്ട് പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്രക്കാരെ സഊദിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല.

ഇങ്ങിനെ സഊദി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്റ്റാഫുമായി സമ്പര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിമാന വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നില്ല. അടിയന്തര ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകേണ്ടവര്‍ ഈ യാത്ര നിരോധം മൂലം കനത്ത ആശങ്കയിലായിരുന്നു. യാത്ര തിരിക്കുന്നവര്‍ക്ക് മടങ്ങി വരുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

അതേസമയം ദുബായ് വഴി സഊദിയിലേക്ക് യാത്ര തിരിച്ച നിരവധി പേര്‍ യാത്ര മുടങ്ങിയതിനാല്‍ ആശങ്കയിലായി. ഇവര്‍ക്ക് എപ്പോള്‍ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് അറിവില്ല.
സഊദി ഏവിയേഷന്‍ അധികൃതരുടെ ഇന്നത്തെ അറിയിപ്പിലും അത് വ്യക്തമാക്കിയിട്ടില്ല.

യാത്രാ മദ്ധ്യേ ദുബായില്‍ കുടുങ്ങിയവര്‍ക്ക് തുണയായി കെ.എം.സി.സി അടക്കമുള്ള മറ്റു സംഘടനകൾ പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏര്‍പ്പാട് ചെയ്തു കൊടുക്കുന്നുണ്ട്.