ദുബായ്: ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇടപ്പാളയം യു.എ.ഇ യുടെ ആദ്യ വിമാനം യു.എ.ഇ സമയം വൈകിട്ട് 4 മണിക്ക് പറന്നുയരും. എമിറേറ്റ്സ് എയർലൈൻസി ലാണ് ആദ്യ ബാച്ചിലുള്ള ഇരുനൂറോളം യാത്രക്കാർ നാട്ടിലെത്തുക.

രണ്ടാമത് ബാച്ചിലുള്ളവർ രണ്ടു ദിവസത്തിനു ശേഷവും (30 ജൂൺ) യാത്ര തിരിക്കും.

എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പഞ്ചായത്തുകളിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം കോവിഡ്-19 ഹെല്പ് ഡെസ്കിന്റെ കീഴിൽ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് പ്രിയപ്പെട്ടവരുടെ അടുത്തെത്താൻ ആഗ്രഹിക്കുന്ന നാട്ടുകാർക്ക് വേണ്ടി യാത്ര സാധ്യമാക്കിയത്.

ജോലി നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും യാത്ര ചെയ്യാൻ നിർബന്ധിതരായ നാട്ടുകാർക്ക് എത്രയും പെട്ടന്ന് നാട്ടിലെത്താനുള്ള സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ, അബുദാബി ചാപ്റ്ററുകളുടെ സംയുക്ത അഭിമുഖ്യത്തിൽ മിഷൻ ഇടപ്പാളയം ടീം രൂപീകരിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ച പദ്ധതിയുടെ രെജിസ്ട്രേഷൻ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

നാളെ രാത്രി നാട്ടിലെത്തുന്ന ഇടപ്പാളയത്തിന്റെ ആദ്യ സംഘത്തിന് ജന പ്രതിനിധികളും എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ആശംസകൾ അറിയിച്ചു.