മനാമ: മുൻ സംസ്ഥാന മന്ത്രിയും, കേരളാ കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാനും ചങ്ങനാശ്ശേരി എം.എൽ.എ യുമായ സി.എഫ് തോമസിന്റെ വിയോഗം ഐക്യ ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. കഴിഞ്ഞ നാല്പത് വർഷക്കാലമായി ചങ്ങനാശ്ശേരിയുടെ വികസനത്തിന്‌ നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയിൽ എക്കാലവും അദ്ദേഹം ഓർമ്മിക്കപ്പെടും. രാഷ്ട്രീയത്തിനതീതമായി എല്ലാ ആളുകളോടും അടുത്ത ബന്ധം പുലർത്തിയ നേതാവ് ആയിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ്സിന്റെ പിളർപ്പുകളിൽ എല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടും, ഐക്യ ജനാധിപത്യമുന്നണിയോടും ചേർന്ന് നിൽക്കാൻ ആഗ്രഹിച്ച നേതാവ് ആയിരുന്നു സി എഫ്. തോമസ്. പല ഘട്ടങ്ങളിലും കേരള കോൺഗ്രസ്‌ മാണിഗ്രൂപ്പ് ഇടതുപക്ഷ മുന്നണിയുമായി ചർച്ച നടത്തുമ്പോളും ഐക്യ ജനാധിപത്യ മുന്നണിയിൽ ഉറച്ചു നിൽക്കണം എന്ന് നേതൃത്വത്തെ കൊണ്ട് തീരുമാനം എടുപ്പിക്കുവാൻ കഴിഞ്ഞ നേതാവ് ആയിരുന്നു. സ്കൂൾ അധ്യാപകൻ ആയിരുന്ന അദ്ദേഹത്തിന് ചങ്ങനാശ്ശേരിയിലെ തന്റെ ശിഷ്യന്മാരും അവരുടെ കുടുംബവും എക്കാലവും ഉറച്ച പിന്തുണ നൽകിയത് കൊണ്ടാണ് ഏത് രാഷ്ട്രീയ പ്രതിസന്ധികാലത്തും അദ്ദേഹത്തിന് ചങ്ങനാശ്ശേരിയിൽ നിന്ന് വിജയിക്കുവാൻ സാധിച്ചത്. തുടർച്ചയായി ഒൻപത് നിയമസഭകളിൽ അംഗം ആയ അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ലഭിച്ചിരുന്നു. എല്ലാ ആളുകളുമായും സ്നേഹബന്ധം പുലർത്തിയിരുന്ന സി എഫ് തോമസ് അധികാരത്തിന്റെ ഉന്നത സ്ഥാനത്തു നിൽക്കുമ്പോളും ലളിതമായ ജീവിതം കൊണ്ടു മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റിയ നേതാവ് ആയിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ് ആയിരുന്ന സി എഫ് തോമസ് എക്കാലവും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നേതാവ് ആയിരിക്കും എന്നും ഒഐസിസി അനുശോചന സന്ദേശത്തിൽ കൂടി അറിയിച്ചു.

സി എഫ് തോമസ് എം.എൽ.എ യുടെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ ജനാധിപത്യ ശക്തികൾക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.