മനാമ: ബഹ്‌റൈൻ കെ.എം.സി.സി യുടെ കീഴിൽ ആറു വർഷത്തിന് മുകളിലായി നടന്നു വരുന്ന അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ബഹ്‌റൈൻ കെ.എം.സി.സി മുഹറക് ഏരിയയിൽ നിന്നുള്ള അംഗമായിരിക്കെ മരണപെട്ട അംഗത്തിന്റെ കുടുംബത്തിനുള്ള സുരക്ഷാ ഫണ്ട്‌ അഞ്ചു ലക്ഷം രൂപ അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി മുഹറക് കെ.എം.സി.സി ഭാരവാഹികൾക്ക് കൈമാറി.

വര്ഷങ്ങളോളം പ്രവാസ ഭൂമിയിൽ കഷ്ടപ്പെട്ട് കുടുംബം പോറ്റുന്നതിനിടയിലുണ്ടാകുന്ന വേർപാട് ഒരു കുടുംബത്തിനുണ്ടാക്കു ന്ന നഷ്ടം വളരെ വലുതാണ്. അതിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകാൻ കെഎംസിസി യുടെ ഈ പദ്ധതി കൊണ്ടാകുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ വിജയം.

പകലന്തിയോളം പണിയെടുത്തു കുടുംബത്തിന് വെളിച്ചമാകുമ്പോൾ പെട്ടെന്നുള്ള വേർപാട് കുടുംബത്തിന് നികത്താനാവാത്തത് തന്നെയാണ്. കടവും കഷ്ടപ്പാടുകളുമായി ജീവിതം തള്ളി നീക്കിയ പ്രവാസി കെഎംസിസി യുടെ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗമാകുമ്പോൾ തന്റെ പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന ഒരു കരുതലാണ് ഈ സ്‌കീം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി പറഞ്ഞു.

കെഎംസിസി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുഹറഖ് കെഎംസിസി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.