മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്, പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈനുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിലെ മാനസിക ക്ലേശങ്ങളെ ചെറുക്കാൻ സഹായിക്കുകയെന്നതാണ് അവയർനെസ്സ് ഓൺ വീൽസ് കാമ്പയിൻ. പ്ലെഷർ റൈഡേഴ്സ് ബഹ്‌റൈനിലെ 35 അംഗങ്ങൾ അസ്‌കറിലെ വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും മാനസിക ക്ഷേമത്തെക്കുറിച്ച് തൊഴിലാളികൾക്ക് വിശദീകരിക്കുകയും ഐസി.ആർ.എഫ് ലൈഫ് ഫ്ലൈയറുകൾ, കോവിഡ് പ്രധിരോധിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ ഫ്ലയറുകൾ എന്നിവ കൂടാതെ പുനരുപയോഗിക്കാവുന്ന ഫെയ്‌സ്മാസ്കുകളും വിതരണം ചെയ്തു. വൈകാരിക ക്ലേശങ്ങളും വെല്ലുവിളികളും നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിനായാണ് ഐസി.ആർ.എഫ് ലൈഫ് രൂപീകരിച്ചത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വ്യക്തമായ മാറ്റങ്ങളാൽ നമ്മളിൽ പലരും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെയും മാനസിക ക്ലേശങ്ങളിലൂടെയും കടന്നുപോകുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ മഹാമാരി സാഹചര്യത്തിൽ നമ്മുടെ ഇന്ത്യൻ തൊഴിലാളികളെ അത് നേരിടാൻ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടർന്ന് മനാമയിലെ ഇന്ത്യൻ ക്ലബ് പരിസരത്ത് നടത്തിയ ബോധവത്കരണ പരിപാടിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ    ഐസി.‌ആർ‌.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ഐസി‌.ആർ.‌എഫ് ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ, ഫെയ്‌സ്മാസ്ക് വിതരണ കോർഡിനേറ്റർ സുരേഷ് ബാബു, സുനിൽ കുമാർ, നാസർ മഞ്ജേരി എന്നിവർ പങ്കെടുത്തു.