കാലിഫോർണിയ: 2021ല്‍ കൂടുതല്‍ ജനപ്രിയ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന മള്‍ട്ടി ഡിവൈസ് പിന്തുണയാണ് പുതുവര്‍ഷത്തില്‍ വരാനിരിക്കുന്ന പ്രധാനപ്പെട്ട മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ കോളിങ് ഫീച്ചര്‍ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതല്‍ ഡിവൈസുകളില്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ ഫീച്ചര്‍.

മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്. 2020 ല്‍ ഈ സവിശേഷത പുറത്തിറക്കിയില്ലെങ്കിലും, 2021 ന്റെ ആദ്യ പകുതിയില്‍ ഇത് പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍.

ഇതോടൊപ്പം തന്നെ വാട്‌സാപ്പിന്റെ വെബ് പതിപ്പിനായി വിഡിയോ, വോയ്സ് കോള്‍ ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളിങ് സവിശേഷതയും ഇപ്പോള്‍ വെബ് പതിപ്പിന് ലഭ്യമല്ല. പക്ഷേ വരാനിരിക്കുന്ന വാട്‌സാപ് വെബ് പതിപ്പുകളില്‍ ഇതെല്ലാം കാണുമെന്നാണ് അറിയുന്നത്.