അമൃത്‌സര്‍: മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും നേര്‍ക്കുനേര്‍. പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്. വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ പഞ്ചാബില്‍ നശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണരുടെ നടപടി.

എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ തന്റെ ഉദ്യോഗസ്ഥരെയല്ല എന്നും അമരീന്ദര്‍ പ്രതികരിച്ചു. ഭരണഘടനാ കാര്യാലയത്തെ ബിജെപി അനിഷ്ടകരമായ അജണ്ടയിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ബിജെപിയുടെ കുപ്രചാരണത്തിന് ഗവര്‍ണര്‍ വഴങ്ങിയിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് ബിജെപിയുടെ പ്രചാരണം കാര്‍ഷിക നിയമത്തില്‍ നിന്നും കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും പഞ്ചാബ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

‘നമ്മുടെ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടത്തില്‍, ബിജെപി നേതാക്കള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും ഗവര്‍ണറുടെ ഭരണഘടനാ കാര്യാലയത്തെ അതിലേക്ക് വലിച്ചിടുകയും ചെയ്യുന്ന തിരക്കിലാണ്,’അമരീന്ദര്‍ സിംഗ് പറഞ്ഞു. അതേസമയം, പഞ്ചാബില്‍ റിലയന്‍സ് ജിയോക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ജിയോ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും ഉയര്‍ന്നുവന്നിരുന്നു.