മനാമ: ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ വികസനവും, സാമൂഹികക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് പ്രധാന പങ്കുവഹിക്കുമെന്ന് എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. ജനത കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പു കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ നൽകിയ പങ്കാളിത്തവും ഏറെ ഗുണം ചെയ്യും. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള നടപടി സ്വീകരിച്ചും, പ്രവാസിക്ഷേമപെൻഷൻ വർദ്ധിപ്പിച്ചു നൽകിയും പ്രവാസികളോടൊപ്പം നിൽക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിയാദ് ഏഴംകുളം, നജീബ് കടലായി, കോയ വേങ്ങര, മനോജ് വടകര, വി.കെ.സന്തോഷ്, രാജൻ കുറുന്താറത്ത്, ഷാജി തോട്ടിൻ കര, ഉണ്ണി പുളിമൂട്ടിൽ, മനോജ് പട്ടുവം എന്നിവർ പ്രസംഗിച്ചു. നികേഷ് വരാ പ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു. ബഹ്റൈൻ ജെ.സി.സി.മുൻ സെക്രട്ടറി അബ്ദുൽ ഗഫൂറടക്കം നിരവധി ജെ.സി.സി.പ്രവർത്തകരും അവരുടെ കുടുംബാഗങ്ങളും തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികളായി മത്സര രംഗത്തുണ്ട്. അവർക്കായി ഫ്ലക്സ് ബോർഡുകൾ, വീഡിയോ എന്നിവ തയ്യാറാക്കി ജെ.സി.സി. നൽകിയിട്ടുണ്ട്. കൺവൻഷനിൽ കോഴിക്കോടു ജില്ലയിലെ വിവിധ സ്ഥാനാർത്ഥികളും പങ്കെടുത്തു.