മനാമ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളിലെ സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) നവംബർ 30 നു വെർച്വൽ (ഓൺലൈൻ) അക്കാദമിക്‌ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഈസ ടൗൺ ക്യാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ 2019-2020 അധ്യയന വർഷത്തെ മികച്ച അക്കാദമിക് പ്രകടനത്തിന് മെഡലുകൾ, ഫലകങ്ങൾ, എ1 ഗ്രേഡ് സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിച്ചു. മികവു തെളിയിച്ച 78 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ചടങ്ങില്‍ 241 സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻഎസ്, ബിനു മണ്ണില്‍ വറുഗീസ്, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യര്‍,വൈസ് പ്രിന്സിപ്പല്‍മാര്‍,പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ് ടോപ്പർമാരായ ശ്രീ ആരതി ഗോവിന്ദരാജു (98.4%), റീലു റെജി (98%), കെയൂർ ഗണേഷ് ചൗധരി (97.8%), പത്താം ക്ലാസ് ടോപ്പർമാരായ നന്ദന ശുഭ വിനു കുമാർ (98.6%), നയന ചന്ദ്രന്‍ പുറവങ്കര (97.8%) ), ഗൌതം അനൈമല്ലൂർ ജനാർദ്ദനൻ (97.6%) എന്നിവര്‍ സ്വര്‍ണ മെഡല്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു. ജേതാക്കളെ പ്രതിനിധീകരിച്ച് പ്രധാന അധ്യാപകരായ റെജി വറുഗീസ്, ജോസ് തോമസ് എന്നിവർ സ്‌കൂൾ അധികൃതരിൽ നിന്ന് അവാർഡുകളും ട്രോഫികളും ഏറ്റുവാങ്ങി.ഓൺ‌ലൈൻ ആയി ഉദ്‌ഘാടന പ്രസംഗം നിര്‍വഹിച്ച ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പഠന കാര്യങ്ങളില്‍ ഇന്ത്യൻ സ്കൂളിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും അർപ്പണബോധവും അഭിനന്ദനാര്‍ഹമാണന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ അവരുടെ മികവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുവെന്നു അംബാസഡർ പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണഹൃദയത്തോടെയുള്ള പിന്തുണയും സ്കൂള്‍ അക്കാദമിക് ടീമിന്‍റെ സമഗ്രമായ പരിശ്രമവും നിരവധി വർഷങ്ങളായി സ്കൂളിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തിന് കാരണമായെന്നു പറഞ്ഞു. അർഹരായ മാതാപിതാക്കൾക്ക് സ്കൂൾ ധാരാളം കോവിഡ് -19 അനുബന്ധ സഹായം നൽകിയിട്ടുണ്ട്. ഫീസ് ഇളവിനായി നൂറുകണക്കിന് അപേക്ഷകൾ സ്കൂൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ ഫീസ് യഥാസമയം അടച്ച് സ്കൂൾ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പ്രിൻസ് നടരാജൻ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
അക്കാദമിക് മികവിനായി സിബിഎസ്ഇ സ്ഥാപിച്ച 12 അവാർഡുകളിൽ 10 എണ്ണവും ഇന്ത്യൻ സ്കൂൾ നേടിയിട്ടുണ്ടെന്ന് സിബിഎസ്ഇ ഫലങ്ങളുടെ പ്രത്യേകതകൾ അവതരിപ്പിച്ച പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപകരുടെ പ്രതിബദ്ധത, മാതാപിതാക്കളുടെ സഹകരണം എന്നിവയും എക്സിക്യട്ടീവ് കമ്മിറ്റിയുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവും സ്കൂളിന്റെ മികവിന് സഹായകരമായെന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ എല്ലാ വർഷവും അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ഇന്ത്യൻ സ്കൂൾ കുടുംബത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്ന് ഇസി അംഗം-അക്കാദമിക്സ് മുഹമ്മദ് ഖുർഷീദ് ആലം പറഞ്ഞു.
അക്കാദമിക മികവു എന്നും സ്കൂളിന്റെ മുൻ‌ഗണനയാണെന്നും സ്കൂൾ ടീമിന്റെ സംയുക്ത പരിശ്രമം സ്കൂളിനെ അക്കാദമിക് രംഗത്തെ മികവിന്റെ കേന്ദ്രമായി ഉയർന്നുവരാൻ സഹായിച്ചുവെന്നും സെക്രട്ടറി സജി ആന്റണി പറഞ്ഞു.
2020 മാർച്ചിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ശ്രീ ആരതി ഗോവിന്ദ രാജു 500 ൽ 492 മാർക്ക് നേടി ഐലന്റ് ടോപ്പറായിരുന്നു. അവർക്ക് 98.4 ശതമാനം ലഭിച്ചു. 98 ശതമാനവുമായി റീലു റെജി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമായി റീലു രണ്ടാം സ്ഥാനം പങ്കിടുന്നു. പരീക്ഷയിൽ 97.8 ശതമാനം മാർക്കോടെ കെയൂർ ഗണേഷ് ചൗധരി മൂന്നാം സ്ഥാനത്താണ്. ഈ വിദ്യാർത്ഥികളെല്ലാം സയൻസ് സ്ട്രീമിൽ നിന്നുള്ളവരാണ്. അവർ സ്കൂളിലെ സയൻസ് സ്ട്രീമിൽ യഥാക്രമം ടോപ്പറായി നിൽക്കുന്നു.