തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയേറ്റിന് മുന്നിലുള്‍പ്പെടെ ഡ്യൂട്ടിക്ക് നിന്നിരുന്ന ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2908 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 378 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. ഇതുവരെ 171773 സാംപിളുകള്‍ ശേഖരിച്ചു. 4834 സാംപിളുകളുടെ പരിശോധാഫലം വരാനുണ്ട്. 24 മണിക്കൂറിനിടെ 7306 സാംപിള്‍ പരിശോധിച്ചു.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്.
സംസ്ഥാനത്ത് 130 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. എല്ലാ ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും രോഗബാധിതരുണ്ട്. തിരുവനന്തപുരം എറണാകുളം നഗരത്തിലും പൊന്നാനി താലൂക്കിലും സ്ഥിതി ഗുരുതരമാണ്. കോവിഡിനെതിരെയുള്ള ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.