ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്പോണ്‍സറായി ചൈനീസ് കമ്പനിയെ നിലനിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് കമ്പനി സ്‌പോണ്‍സറായി തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ കൊഴിഞ്ഞു പോയി എന്ന ഹാഷ് ടാഗോടെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ഇതിനെ ട്വിറ്ററില്‍ വിമര്‍ശിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ബി.ജെ.പിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.

നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഒരു ഭാഗത്ത് ചൈനയില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാന്‍ പറയുന്നു. മറുഭാഗത്ത് ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി ചൈനീസ് ഫോണ്‍ കമ്പനി തുടരും. ചൈനയില്‍ നിര്‍മിച്ച ടിവികള്‍ ബാല്‍ക്കണിയില്‍ നിന്നൊക്കെ എറിഞ്ഞ് ബഹിഷ്‌കരണം പ്രഖ്യാപിച്ച സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു- ഉമര്‍ അബ്ദുല്ല വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ് നിലവില്‍ ബി.സി.സി.ഐ സെക്രട്ടറി.