ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച ഇന്ത്യയിലെ ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങാം. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറപ്പെടുവിച്ചു. കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പകരം ഫേസ് ഷീല്‍ഡ് ധരിക്കണം. എന്നാല്‍ വ്യായാമം ചെയ്യാത്ത സമയങ്ങളില്‍ ജിം, യോഗ സെന്റര്‍ പരിസരങ്ങളിലെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. ശാരീരിക സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ഇതിനായി ആറടി അകലം പാലിച്ച് സ്ഥാപിക്കണം.

65 വയസ്സിന് മുകളിലുള്ളവര്‍, രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരെ അടച്ചിട്ട മുറിയില്‍ വ്യായാമം ചെയ്യാന്‍ അനുവദിക്കരുത്. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ആളുകള്‍ക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം വാതിലുകള്‍ വേണം. എയര്‍കണ്ടീഷനുകളുടെ താപനില 24-30 ഡിഗ്രി സെല്‍ഷ്യസിലായിക്കണം. സാനിറ്റൈസറുകള്‍ ലഭ്യമാക്കണമെന്നും ഓരോ സെഷനുകള്‍ക്കിടയിലും 30 മിനിറ്റ് വരെ ഇടവേള നല്ലതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.