
ബംഗളൂരു: കശുവണ്ടി കൃഷിക്കും വിപണനത്തിനും ഗവേഷണത്തിനും മാർഗനിർദേശങ്ങളുമായി ആപ് പുറത്തിറങ്ങി. ദേശീയ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ കർണാടക ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ സ്ഥിതിചെയ്യുന്ന കശുവണ്ടി ഗവേഷണ കേന്ദ്രമാണ് ‘കാഷ്യൂ ഇന്ത്യ’ എന്ന ആപ് വികസിപ്പിച്ചത്. മലയാളമടക്കം 11 ഭാഷകളിൽ ഈ ആപ്പിന്റെ സേവനം ലഭിക്കും.
കശുമാവിൻ തൈകളുടെ ഗ്രാഫ്റ്റിങ്, നഴ്സറി, നടീൽ, തൈകളുടെ സംരക്ഷണം, കശുവണ്ടി സംസ്കരണം, വിപണി വിവരങ്ങൾ, ഇ-മാർക്കറ്റ് തുടങ്ങിയവയെ കുറിച്ചും കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർഷകർ, ഗവേഷകർ, വികസന ഏജൻസികൾ തുടങ്ങിയവരെ കുറിച്ചും ആപ്പിൽനിന്ന് വിവരങ്ങൾ ലഭിക്കും.
തൈകൾ വാങ്ങാനും കശുവണ്ടി ഉൽപന്നങ്ങൾ വിൽക്കാനും ആപ് ഇടമൊരുക്കും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്ന് ‘കാഷ്യൂ ഇന്ത്യ’ ആപ് ഡൗൺലോഡ് ചെയ്യാം.