മനാമ: പ്രവാസത്തെ സര്‍ഗാത്മകമാക്കിയത് പ്രവര്‍ത്തിക്കുന്ന യുവതയാണെന്നും സ്വകാര്യതയുടെയും സൗകര്യങ്ങളുടെയും ക്രിയാത്മക വിനിയോഗമാണ് പുതുപ്രവാസം സാധ്യമാക്കിയതെന്നും ആർ.എസ്.സി സ്ഥാപകദിന സംഗമം അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന്റെ 27 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രവാസം, യൗവനം, ഭാവി, എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചാസംഗമം. കോവിഡിനൊപ്പം ജീവിക്കാന്‍ ലോകം
കൈകൊണ്ട ജാഗ്രതയാണ് പുതുസാധാരണത്വ കാലം സമ്മാനിച്ചതെങ്കില്‍. യുവതയുടെ ചിന്തയെയും സംസ്‌കാരത്തെയും ക്ഷയിപ്പിക്കുന്ന സാമൂഹിക മാരികള്‍ക്കെതിരെ കൂടി ‘ലോക്ക്’ പ്രഖ്യാപിക്കാന്‍ കഴിയുമ്പോഴാണ് നല്ല തലമുറ ഉടലെടുക്കുകയെന്ന് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. സാമൂഹിക ഒറ്റപ്പെടലിന്റെ വിരസതയില്‍ നിന്നും തൊഴില്‍ പ്രാരാബ്ധങ്ങളുടെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രവാസചെറുപ്പത്തെ മോചിപ്പിക്കുക മാത്രമല്ല, മൂല്യാധിഷ്ഠിത സമൂഹ സൃഷ്ടിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് ഉണര്‍വ് സമ്മാനിച്ചത്. ഇതിന്റെ സാമ്പത്തിക, സാമൂഹിക, വികസന പ്രതിഫലനങ്ങള്‍ നാട്ടിലു മുണ്ടായി. ഈ മാസം നടന്ന ആര്‍.എസ്.സി ബുക്‌ടെസ്റ്റിന് ഗള്‍ഫിനു പുറമെ 21 രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തമുണ്ടായി. പ്രവാസിയുടെ ധാര്‍മിക, വിദ്യാഭ്യാസ, സാംസ്‌കാരിക, കരിയര്‍ രംഗത്ത് മനുഷ്യ വിഭവങ്ങളെ പ്രയോഗിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി സമഗ്ര കര്‍മ പദ്ധതികളും പരിപാടികളും സംഘടനക്കുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. സംഗമം അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ചരിത്ര സംഭാഷണത്തില്‍ അഷ്റഫ് മന്ന, സ്വാദിഖ് വെളിമുക്ക്, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്ല വടകര, എ.കെ അബ്ദുല്‍ ഹക്കീം, അലി അക്ബര്‍, ജാബിറലി ടി പങ്കെടുത്തു. ലുഖ്മാന്‍ വിളത്തൂര്‍ മോഡറേറ്ററായിരുന്നു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. ഫാറൂഖ് നഈമി, റാഷിദ് ബുഖാരി, ഉമര്‍ ഫൈസി മാരായമംഗലം, അബൂബക്കര്‍ അസ്ഹരി, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സിറാജുദ്ദീന്‍ മാട്ടില്‍, വി.പി.കെ മുഹമ്മദ് പ്രസംഗിച്ചു.