മനാമ: നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (എൽ.എൻ.വി) സംഘടിപ്പിക്കുന്ന ഓൺലൈൻ സ്കൂൾ യുവജനോത്സവം നാലാം ഘട്ടത്തിന് ഡിസംബർ 4 ന് തിരി തെളിയും. ഒക്ടോബർ പതിനെട്ടിന് റസൂൽ പൂക്കുട്ടി ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തിലെ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം എന്നീ വിഭാഗങ്ങൾ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഈ മൂന്ന് മത്സര വിഭാഗങ്ങളിലായി മുപ്പതോളം മത്സര ഇനങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു.സർഗ്ഗോത്സവം പ്രശസ്ത കവി വീരാൻ കുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യുവജനോത്സവത്തിൽ സംഗീതോത്സവത്തിനും,നൃത്തോത്സവത്തിനും ശേഷം വിപുലമായ ഗ്രാന്റ് ഫിനാലെ ഡിസംബറിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം അംഗവും സംഘാടക സമിതി ചെയർമാനുമായ പി.എൻ. മോഹൻ രാജ് അറിയിച്ചു. റിഥം ഹൗസ് പെർഫോർമിങ്ങ് ആർട്ട് സ്റ്റുഡിയോ കോഴിക്കോട് ആണ് യുവജനോത്സവത്തിന്റെ മുഖ്യ പ്രായോജകർ. ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ സഹകരണത്തോടെ നടക്കുന്ന യുവജനോത്സവം ജനുവരിയിൽ അവസാനിക്കും.