മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിൽക്കുന്ന വിലയേക്കാൾ കുറഞ്ഞ വിലയിൽ പുസ്തകങ്ങൾ ലഭ്യമാവാനുണ്ടായ സാഹചര്യം വിശദമാക്കണം.
സ്കൂൾ സമ്മർ വെക്കേഷനായി അടച്ചിരിക്കുന്ന സമയമായിട്ടു പോലും പല കുട്ടികൾക്കും ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുവാൻ സ്കൂൾ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ വാങ്ങിക്കുവാനുള്ള ബുദ്ദിമുട്ടുകൾ ഉണ്ട്. എങ്കിക്കും കുട്ടികളുടെ ഭാവിയോർത്ത് പുസ്തകങ്ങൾ വാങ്ങിക്കുവാൻ അവർ തയാറാണ്. പക്ഷെ അത് വേണ്ട രീതിയിൽ എത്തിച്ചുനൽകുവാൻ സ്ക്കൂൾ അധികാരികൾക്ക് കഴിഞ്ഞില്ല എന്ന് ഇന്ഡക്സ് ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ കുറ്റപ്പെടുത്തി.

പല ക്ളാസുകളിലെയും പുസ്തകങ്ങൾ ഇപ്പോഴും ലഭിക്കാനുണ്ട്. സ്കൂളിൽ ലഭ്യമായ പുസ്തകങ്ങൾ വാങ്ങിക്കുവാൻ രക്ഷിതാക്കളും കുട്ടികളും വിമുഖത കാണിക്കുന്നതും ഈ വർഷത്തെ മാത്രം പ്രത്യേകതയാണ്. ഈസ ടൗൺ കാമ്പസിലെയും റിഫ കാമ്പസ്സിലെയും സ്ഥിതികൾ വ്യത്യസ്തമല്ല.

ഗുണനിലവാരമില്ലാത്ത പുസ്തകങ്ങൾ കൊണ്ടുവന്നതിനാലും പുറമെ ലഭിക്കുന്നതിനേക്കാൾ 20 ശതമാനത്തിൽ കൂടുതൽ പൈസ കൊടുക്കേണ്ടിവരുന്നതുമാണ് പുസ്തകങ്ങൾ വാങ്ങിക്കുവാൻ മുൻകാലങ്ങളെ അപേക്ഷിച്ച് രക്ഷിതാക്കൾ തയ്യാറാവാത്തത്. കാലങ്ങളായി സ്കൂളിന് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്ന ഇന്ത്യയിലെ ഒരു ഏജൻസി ഇപ്പോൾ ബഹ്റൈനിൽ സ്വന്തമായി ഷോപ്പ് തുടങ്ങുകയും പുസ്തകങ്ങൾ ഇന്ത്യൻ സ്‌കൂളിലെ വിലയേക്കാൾ 20 ശതമാനത്തിൽ കുറവിന് വിൽക്കുന്നതും ഒരു കാരണമാണ്. ഇത്തരം ഒരവസ്ഥ എങ്ങിനെ ഉണ്ടായി എന്നും സ്കൂൾ അധികാരികൾ വ്യക്തമാക്കേണ്ടതുണ്ട്. സ്കൂൾ മാനേജ്മെന്റ്മായി ബന്ധപ്പെട്ട ചിലരുടെ ഒത്താശയോടെയാണ് ഈ പുസ്തക വിതരണ കമ്പനി തുടങ്ങിയിരിക്കുന്നതെന്ന് സംശയിക്കുന്ന രക്ഷിതാക്കൾ നിരവധിയാണ്.

ഒരേ പുസ്തകം തന്നെ പല ക്വളിറ്റികളിലും ലഭ്യമാണ്. ഒറിജിനൽ പ്രിന്റേഴ്സിന്റെ കയ്യിൽ നിന്നും വാങ്ങുന്നവ. അതിന്റെ കോപ്പി വാങ്ങിക്കുന്നത്. കോപ്പിയെടുത്ത് ബൈൻഡ് ചെയ്തത് അങ്ങിനെ നിരവധി ക്വളിറ്റിയിലുള്ള പുസ്തകങ്ങളാണ് ലഭ്യമാവുന്നത് എന്ന് മനസ്സിലാവുന്നു. ഉയർന്ന വില വാങ്ങി ഇതിൽ ഏതു ക്വളിറ്റിയിൽ ഉള്ള പുസ്തകങ്ങളാണ് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് വിതരണം ചെയ്യുന്നതെന്ന് അറിയാൻ രക്ഷിതാക്കൾക്ക് അധികാരമുണ്ട് അവകാശമുണ്ട്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടിരുന്ന ഒരു കൂട്ടായ്മയാണ് ഇന്ഡക്സ് ബഹ്റൈൻ. പാഠപുസ്തകങ്ങൾക്കൊപ്പം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും നൽകി വരാറുണ്ട്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാ വർഷങ്ങളിലും ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ചെയ്യാറുള്ളത് പോലെ പുസ്തകങ്ങൾ വിതരണം ചെയ്യുവാൻ കഴിഞ്ഞില്ല. എങ്കിലും രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി പരമാവധി പുസ്തകങ്ങൾ കൈമാറുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ഡക്സ് ബഹ്റൈന് വേണ്ടി ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, അജി ബാസി, സാനി പോൾ, അനീഷ് വർഗ്ഗീസ്, നവീൻ നമ്പ്യാർ, ലത്തീഫ് ആയഞ്ചേരി എന്നിവർ അറിയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് നിരവധി കൂടുതൽ രക്ഷിതാക്കളാണ് ഈ പ്രാവശ്യം പുസ്തകങ്ങൾക്കായി ഞങ്ങളെ സമീപിച്ചത്.

മുഴുവൻ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ സമ്മർ വെക്കേഷൻ ആശംസിക്കുന്നതായും വെക്കേഷൻ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്നും ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.