മനാമ: പവിഴദ്വീപില്‍ ആരോരുമില്ലാത്തവര്‍ക്ക് സമാശ്വാസമേകുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മയ്യത്ത് മുഹറഖിലെ ബുസൈറ്റീന്‍ കാനു മസ്ജിദില്‍ ഖബറടക്കി.

ചരിത്രത്തിലാദ്യമായി ബഹ്റൈനില്‍ കെ.എം.സി.സിയുടെ മേല്‍ വിലാസത്തില്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്
അനുവദിച്ചതോടെയാണ് ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച അബ്ദുല്ലയുടെ മയ്യത്ത് ഖബറടക്കാന്‍ വഴിയൊരുങ്ങിയത്.

കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി കൺവീനറും സെക്രട്ടേറിയറ്റ് അംഗവും ആയ കരീം കുളമുള്ളതില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സിലര്‍ നജീബ് തറോപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് അനുവദിച്ചത്.

നാലു പതിറ്റാണ്ട് കാലം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ച അബ്ദുല്ല ഈമാസം നാലിനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേരില്‍ പാസ്‌പോര്‍ട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ല. വ്യക്തിവിവരങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ മയ്യത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി അദ്ദേഹത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പിതവ് നേരത്തെ മരണപ്പെട്ടിരുന്നു. കുഞ്ഞബ്ദുല്ല വിവാഹം കഴിച്ചിരുന്നില്ല. സഹോദരങ്ങളും മാതാവും നാട്ടിലുണ്ട്. ഇത്രയും വിവരങ്ങള്‍ ലഭിച്ചതോടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടു, സ്‌കൂളില്‍ പഠനം നടത്തിയ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഇത് സി.ഐ.ഡിയുടെ ഓഫിസില്‍ സമര്‍പ്പിച്ചെങ്കിലും രേഖ അപര്യാപ്തമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഔട്ട്പാസിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വ്യക്തിഗത രേഖകളില്ലാത്തതിനാല്‍ വിഫലമായി.

തുടര്‍ന്നാണ് ബഹ്‌റൈനില്‍ അംഗീകാരമുള്ള സംഘടനയെന്ന പേരില്‍ ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മേല്‍വിലാസത്തില്‍ അബ്ദുല്ലയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചത്.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് റംഷാദ് കീരങ്കണ്ടി, നജീബ് മിയാമീന്‍ മാര്‍ക്കറ്റ്, അബൂബക്കര്‍ അര്യന്നൂര്, ഹമദ് ടൌണ്‍ കെ.എം.സി.സി നേതാക്കന്മാരായ അബൂബക്കര്‍ പാറക്കടവ് ,സകരിയ എടച്ചേരി എന്നിവരും കൂടെയുണ്ടായിരുന്നു. മയ്യിത്ത് നിസ്കാരത്തിനു സി കെ മുഹമ്മദ്‌ നേതൃത്വം നൽകി. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ പി ഫൈസൽ, മയ്യിത്ത് പരിപാലന കമ്മിറ്റി അംഗം ശറഫുദ്ധീൻ മാരായമംഗലം,കെഎംസിസി യുടെ വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങി നിരവധിപേർ ഖബറടക്കച്ചടങ്ങിൽ എത്തിച്ചേർന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള കെ.എം.സി.സി യുടെ ഇടപെടലുകള്‍ ശ്രദ്ധിക്കുന്ന ബഹ്റൈന്‍ ഗവണ്‍മെന്റും ഇന്ത്യന്‍ എംബസിയും ബഹ്റൈന്‍ കെ.എം.സി.സിക്ക് നല്‍കിയ അംഗീകാരമാണ് ഒരു പാസ്‌പോര്‍ട്ടില്‍ ഇ/ഛ കെ.എം.സി.സി എന്ന അക്ഷരങ്ങള്‍ രേഖപ്പെടുത്തിയതിലൂടെ വ്യക്തമായതെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.