മനാമ: അയോധ്യ ഭൂമി കേസ് വിധിന്യായത്തിൽ പള്ളി തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിധിയെ റദ്ദാക്കുന്നതാണ് ബാബരി മസ്ജിദ് കേസിലെ സി ബി ഐ കോടതി വിധിയെന്നും മതേതരത്വത്തിനും ജനാധിപത്യത്തിനും ആഴത്തിൽ മുറിവുണ്ടാക്കുന്നതാണിതെന്നും ഐ.സി.എഫ് ഗൾഫ് കൗൺസിൽ അഭിപ്രായപ്പെട്ടു.

വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് എന്നത് പകൽ പോലെ വ്യക്തമാണ്. രാജ്യം മുഴുവൻ രഥയാത്ര നടത്തിയും വർഗീയ പ്രചാരണം നടത്തിയും പ്രത്യക്ഷമായി തന്നെ ബാബരി വിരുദ്ധ കാമ്പയിൻ നടത്തിയവരാണ് കേസിൽ പ്രതിയാക്കപ്പെട്ട പലരും. അവരെയെല്ലാം തെളിവില്ല എന്ന് വ്യക്തമാക്കി വെറുതെ വിടുകയും അവർ അക്രമികളെ തടയാൻ ശ്രമിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഈ വിധി അതീവ ദു:ഖകരമാണ്.
ഭരണനിർവഹണത്തിലെ പിഴവുകളെയും അതിക്രമങ്ങളെയും തിരുത്തി ജനാധിപത്യത്തിന്റെ കാവൽപീഠങ്ങളാവേണ്ട സംവിധാനമാണ് കോടതികൾ. നിയമവ്യവസ്ഥ നിലനിർത്താനും ജനങ്ങൾക്കുള്ള നിർഭയത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ ഈ സംവിധാനത്തിന് വലിയ പങ്ക് ഉണ്ട്. ഈയിടെയായി കോടതി മുറികളിൽ നിന്ന് വരുന്ന തീർപ്പുകളും വാർത്തകളും ആ വിശ്വാസമാണ് തകർക്കുന്നത്. ഹിസ് മാസ്റ്റേഴ്സ് വോയ്‌സ് ആയി നീതിപീഠം തരം താഴുമ്പോൾ ജനാധിപത്യം തൂക്കിലേറ്റപ്പെടും. അതീവഗൗരവമുള്ള കാര്യമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കാം രാജ്യം ഒന്നിക്കേണ്ട സമയം അതിക്രമിച്ചു വരികയാണെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ നിരന്തരം ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഐ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു.