മനാമ: കെ.എം.സി.സി ബഹ്‌റൈനിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പുതുതായി തുടങ്ങിയ കെ.എം.സി.സി ബഹ്‌റൈനിന്റെ യൂട്യൂബ് ചാനലിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെയും പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ നിര്‍വഹിച്ചു. സമൂഹ മാധ്യമങ്ങൾ ജനനന്മയ്ക്കും പ്രസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സജീവമാണെങ്കിലും വ്യത്യസ്ഥമായ രീതിയില്‍ ദൃശ്യാവിഷ്‌കാരങ്ങളും ആശയങ്ങളും എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ബഹ്‌റൈന്‍ യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഏവര്‍ക്കും ആസ്വാദനമേകുന്ന വിഡിയോകളും മറ്റും ജനങ്ങളിലേക്കെത്തിക്കാനും ഇതുവഴി കെ.എം.സി.സി ലക്ഷ്യമിടുന്നു.
ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈന്‍ മീഡിയ വിങ് ചെയര്‍മാന്‍ എ.പി ഫൈസല്‍ അധ്യക്ഷനായി. ശിഹാബ് സ്വാഗതവും മാസില്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.