മനാമ: കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒ,ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക് നിവേദനം സമർപ്പിച്ചു. ആയിരകണക്കിന് മലയാളി പ്രവാസികളാണ് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. വരാൻ കഴിഞ്ഞവർക്ക് തന്നെ ഭീമമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹ്‌റൈനിലെ ക്യാപിറ്റൽ ഗവർണറേറ്റിന്റെ ഏഴാമത്തെ നിയോജകമണ്ഡലം എംപി സൈനബ് അബ്ദുൽ അമീർ എം.പി യെ സന്ദർശിച്ചു നിവേദനം സമർപ്പിച്ചത്. ഓ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് മറ്റ് ഓ.ഐ.സി.സി നേതാക്കളുടെ സാനിധ്യത്തിൽ എം.പിക്ക് മോമെന്റോയും കൈമാറി.

മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒ.ഐ.സി,സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌, ഐടി സെക്രട്ടറി നിജിൽ എന്നിവർ എം.പി യുടെ ശ്രദ്ധയിൽ പെടുത്തി. ഈ വിഷയത്തിൽ മിനിസ്റ്ററുമായും, ഗൾഫ് എയർ പ്രതിനിധികളുമായു ചർച്ച ചെയ്ത് സാധ്യമായ എല്ലാ കാര്യങ്ങളും ഉടൻ തന്നെ ചെയ്യാൻ ശ്രമിമിക്കുമെന്ന് എം.പി ഉറപ്പു നൽകിയതായി രാജു കല്ലുംപുറം പറഞ്ഞു. കൂടാതെ കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് എം.പിയോട് ചർച്ചയിൽ നേതാക്കൾ അഭ്യർത്ഥിച്ചു.