മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും കഞ്ചു എജുക്കേയ്ഷണല്‍ സപ്പോര്‍ട്ട് സിസ്റ്റവും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൂമില്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.
‘കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണം ശീലം’ എന്ന വിഷയത്തില്‍ ഷിഫ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷന്‍ ഡോ. ഫിറോസ് ഖാന്‍ ക്ലാസെടുത്തു.
ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളുടെ ശാരീരിക, ബൗദ്ധിക വളര്‍ച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ദിവസത്തില്‍ നാല് മുതല്‍ അഞ്ച് വരെ ഭക്ഷണം ആകാം. കുട്ടികളുടെ വളര്‍ച്ചക്ക് പോഷക സമൃദ്ധമായ ആഹാരം ഒഴിച്ചുകൂടാനാവാത്തതാണ്. പ്രഭാത ഭക്ഷണം കുട്ടികള്‍ക്ക് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ഭക്ഷണ ശീലം പിന്‍തുടര്‍ന്നാല്‍ അമിത വണ്ണം പോലുള്ള ശാരീരിക അവസ്ഥകള്‍ തടയാനാകും.
കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും പേശീവളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. അതുകൊണ്ട്തന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. അത് വഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകും. കൊറോണവൈറസ് പോലുള്ള അസുഖങ്ങളില്‍ നിന്ന് പ്രതിരോധ ശേഷി നമുക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചു അക്കാഡമിക് ഇന്‍ചാര്‍ജ് നാഫിയ ഖാന്‍ ആമുഖ പ്രസംഗം നടത്തി.