മനാമ: സൈക്കിൾ അപകടത്തിൽ മലയാളി വിദ്യാർഥി മരണപ്പെട്ടു. ഹിദ്ദ് ഡ്രൈ ഡോക്ക് ഹൈവേയിൽ വച്ചുണ്ടായ അബാകടത്തിലാണ് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഹനീൻ (19) മരണപ്പെട്ടത്. ഹനീൻ സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു.

കൈരളി ടി.വി ബഹ്‌റൈൻ ഫ്രാഞ്ചൈസി ഡയറക്ടറും, പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറും, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും, ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എം.എം ഹനീഫിൻ്റെ മകനാണ് മരണപ്പെട്ട മുഹമ്മദ് ഹനീൻ.

നാട്ടിൽ നിന്നും തുടർപഠനത്തിനായി അടുത്തിടെയാണ് ഹനീൻ ബഹ്റൈനിൽ എത്തിയത്. പിതാവും മാതാവും ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നു.

പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സകരിയ പുനത്തിലിന്റെ നേതൃത്വത്തിൽ മറ്റു സംഘടനകളുമായി സഹകരിച്ച് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മരണ വിവരം അറിഞ്ഞ് ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ്, കെ.എം.സി.സി പ്രവർത്തകരും, നിരവധി സംഘടനാ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ എത്തിയിരുന്നു.