മനാമ: മലയാളം മിഷന്റെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലുടെ മിഷൻ ഡയറക്ടർ പ്രൊഫസർ. സുജ സൂസൻ ജോർജ്ജ് തത്സമയം ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

പ്രതിസന്ധിയുടെയും പ്രതിരോധത്തിന്‍റെയും ഈ കോവിഡ് കാലത്തും വിദ്യാഭ്യാസ രംഗം വാടിക്കൊഴിയാതെ മുന്നോട്ട് കൊണ്ട് പോകാനുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പാത സ്വീകരിച്ചു കൊണ്ടാണ് മലയാളം മിഷൻ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നതെന്ന് ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോകമെമ്പാടുമുള്ള മിഷൻ പoന കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം മുതൽ പ്രവേശനോത്സവങ്ങൾ നടന്നുവരികയാണ്. മലയാളം മിഷന്റെ, ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ ചാപ്റ്ററുകളിലൊന്നായ ബഹ്റൈറൈനിൽ നിലവിൽ ഏഴ് പാഠശാലകളിലാണ് മിഷൻ പാഠ്യപദ്ധതിയനുസരിച്ചുള്ള മാതൃഭാഷാ പഠനം നടക്കുന്നത്.

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിനു പുറമെ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ഗുദേവസോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, ദിശ സെൻറർ, വ്യാസ ഗോകുലം എന്നിവയാണ് മറ്റ് പഠനകേന്ദ്രങ്ങൾ.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പത്താം ക്ലാസ്സിനു തതുല്യമായ നീലക്കുറിഞ്ഞി ഉൾപ്പടെ നാല് ഘട്ടങ്ങളുള്ള പാഠ്യപദ്ധതിയിലെ മലയാളം മിഷന്റെ ആദ്യ സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന ക്ളാസുകളിലേക്ക് പുതിയ കുട്ടികളെ ഹൃദ്യമായി വരവേൽക്കുന്നതിനാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവർ പഠനകേന്ദ്രങ്ങളിൽ ഒരാഴ്ചയ്ക്കകം പേര് നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ ബന്ധപ്പെടാം നന്ദകുമാർ 39878761, രജിത അനി 38044694.
http://www.facebook.com/malaylam- misson- bahrain-chapter