മനാമ: സാമൂഹിക സേവന രംഗത്ത് കെ.എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണന്നും വിമർശകർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് അവർ ചെയ്യുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനിഫാ മൂന്നിയൂർ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കെഎംസിസി പ്രവർത്തകരും അനുഭാവികളും ഒത്തുചേർന്ന് പത്തനം തിട്ട ജില്ല ഗ്ലോബൽ കെ.എം.സി.സി രൂപീകരിക്കന്നതിനോടു ബന്ധപ്പെട്ട ഓൺലൈൻ മീറ്റിൽ ‌മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെന്ന മഹാമാരി ലോകത്തു പടർന്നു പിടിച്ചപ്പോൾ ആശയറ്റവർക്ക് പ്രത്യാശയായി മാറുകയായിരുന്നു കെ.എം.സി.സി പ്രവർത്തകരെന്നും ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്താഗതികൾക്കതീതമായി ഇവർ നടത്തിവരുന്ന സേവന പ്രവത്തനങ്ങൾ വാക്കുകൾക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട ജില്ലയിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും പ്രവാസി ലീഗിനും കരുത്തുപകരാൻ ഗ്ലോബൽ കെഎംസിസി കമ്മിറ്റിക്കു കഴിയട്ടെ എന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് ടി.എം ഹമീദും വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നു എന്നു മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്തും ആശംസയർപ്പിച്ചു പറഞ്ഞു.

ഖത്തർ സൗത്ത് സോൺ കെ.എം.സി.സി ജനറൽ സെക്രട്ടറി താഹിർ തിരുവല്ലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസി ലീഗ് ഗൾഫ് കോർഡിനേറ്റർ ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ യോഗം ഉത്ഘാടനം ചെയ്തു. യു.എ.ഇ നാഷണൽ കെ.എം.സി.സി ട്രഷറർ യു അബ്ദുല്ല ഫാറൂഖി, ഖത്തർ കെ.എം.സി.സി അധ്യക്ഷൻ എസ് എ.എം ബഷീർ, ബഹ്‌റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, മക്ക കെ.എം.സി.സി ജനറൽ സെകട്ടറി മുജീബ് പൂക്കോട്ടൂർ, കുവൈറ്റ് കെ.എം.സി.സി പ്രസിഡൻ്റ് ഷറഫുദ്ദീൻ കണ്ണേത്ത് പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് നിസാർ നൂർ മഹൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കുട്ടി ചെയർമാൻ, അബ്ദുൽകരീം വൈസ് ചെയർമാൻ, ഷറഫുദീൻ ബാഖഫി പ്രസിഡന്റ്, താഹിർ തിരുവല്ല ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ ട്രഷറർ, ഹബീബ് റഹ്‌മാൻ സീനിയർ വൈസ് പ്രസിഡന്റ്, ബൈജു എ കെ, സിറാജ് അടൂർ, ഇബ്രാഹിം ചാത്തന്തറ, (വൈസ് പ്രസിഡന്റ്), ഷാനവാസ് പുളിക്കൽ, ഷാജുദീൻ മാങ്കോട്, വഹാബ് പി.എ (സെക്രട്ടറി), ശാഹുൽ ഹമീദ് ചിറക്കൽ, നജീബ് ചുങ്കപ്പാറ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

അബുദാബി സൗത്ത് സോൺ കെ.എം.സി.സി പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ സ്വാഗതവും ഫിറോസ് ഖാൻ പന്തളം നന്ദിയും പറഞ്ഞു.