വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചതായി വീണ്ടും സ്വയം അവകാശപ്പെട്ട് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 270 സീറ്റുകളിലേക്ക് എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അടുത്തുകൊണ്ടിരിക്കെയാണ് ട്രംപ് വീണ്ടും ട്വീറ്റിലൂടെ വിജയപ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന വാദവും ട്രംപ് ആവർത്തിച്ചു. ഇതുസംബന്ധിച്ച ട്രംപിന്‍റെ തുടർച്ചയായ ട്വീറ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതോ തർക്കവിഷയമോ ആണെന്ന് കാണിച്ച് ട്വിറ്റർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് ദിവസമായ ചൊവ്വാഴ്ച രാത്രി എട്ടിന് ശേഷം പതിനായിരക്കണക്കിന് വോട്ടുകൾ അനധികൃതമായി സ്വീകരിച്ചെന്ന് ട്രംപ് ആരോപിച്ചു. പെൻസിൽവേനിയയിലും നേരിയ വ്യത്യാസത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഫലം മാറ്റിമറിച്ചത് ഇതാണ്.

പെൻസിൽവേനിയയിൽ എല്ലാവരും കരുതിയത് തന്‍റെ വിജയമായിരുന്നു. എന്നാൽ ലീഡ് നിലയിൽ വൻ ഇടിവാണ് കണ്ടത്. ഏറെ സമയം ഇവിടങ്ങളിൽ നിരീക്ഷണത്തിന് അനുവദിച്ചിരുന്നില്ല. നിയമപരമായ സുതാര്യത ഇല്ലാതായി. വാതിലുകളും ജനലുകളും മറച്ചതിനാൽ നിരീക്ഷകർക്ക് കൗണ്ടിങ് മുറികളിൽ നടക്കുന്നത് കാണാനായില്ല. മോശം കാര്യങ്ങളാണ് അകത്ത് നടന്നത്. വലിയ മാറ്റങ്ങൾ നടന്നിരിക്കുന്നു -ട്രംപ് ട്വീറ്റ് ചെയ്തു. വോട്ടെണ്ണൽ നിർത്തണമെന്ന് ജനം മുറവിളി കൂട്ടുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.