മനാമ: ഒ.ഐ.സി.സി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും 24 ന്യൂസ്‌ ചാനലിന്റെയും, ഫ്‌ളവേഴ്സ് ടി.വി ചാനലിന്റെയും ക്യാമറമാൻ ആയി പ്രവർത്തിച്ചു വന്നിരുന്ന ജോമോൻ കുരിശിങ്കൽന്റെ വിയോഗം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു.

ബഹ്‌റൈൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ താൻ പ്രവർത്തിച്ചുവന്നിരുന്ന മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിനെ അറിയിക്കുവാനും അതിനൊക്കെ പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്.

നിരവധി പ്രവാസികൾ വ്യക്തിപരമായി നേരിട്ടുവന്നിരുന്ന പ്രശ്നങ്ങൾ ജോമോന്റെ ഇടപെടൽ മൂലം പൊതു സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനും അതിനൊക്കെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിവിധി ഉണ്ടാക്കി കൊടുക്കുവാനും സാധിച്ചിട്ടുണ്ട്.

എല്ലാ പ്രവാസി സംഘടനകളുമായി വളരെ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന ജോമോന്റെ വിയോഗം എല്ലാസംഘടനകൾക്കും വളരെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോമോൻ കുരിശിങ്കൽ ന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി.

ഒഐസിസി ദേശീയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സംഭാവന നൽകിയ ആളാണ് ജോമോൻ കുരിശിങ്കൽ എന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

മാധ്യമ പ്രവർത്തനം വിഹിതമല്ലാത്ത മാർഗത്തിലൂടെ ധനസമ്പാദനത്തിനുള്ള മാർഗമായി ഒരിക്കലും കണ്ടിരുന്നില്ല. വളരെ പിന്നോക്കം നിൽക്കുന്ന ആ കുടുംബത്തിന് വേണ്ട പിന്തുണയും സഹായവും കൊടുക്കാൻ പ്രവാസിസംഘടനകൾ എല്ലാം തയാറാകണം എന്നും ഒ.ഐ.സി.സി ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.