മനാമ: കോവിഡ്-19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന “ഫിനാ ഖൈർ” പദ്ധതിയുടെ രണ്ടാം ഘട്ട സഹായം കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്‌ യാക്കൂബ് ലോറിയിൽ നിന്നും തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ മുജീബ് മാഹി, ലത്തീഫ്‌ ആയഞ്ചേരി എന്നിവർ ഏറ്റു വാങ്ങി.

ആർ.എച്ച്.എഫ്. ചെയർമാനും, ബഹ്‌റൈൻ യുവജന ക്ഷേമ വിഭാഗം തലവനുമായ ഷെയ്ഖ്‌ നാസർ ബിൻ ഹമദ് ആൽ ഖലീഫ യാണ് “ഫീനാ ഖൈർ” പദ്ധതിയുടെ “വീട്ടിലേക്ക് ഭക്ഷണം” എന്ന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ഇതുപോലുള്ള പരിപാടികളുമായി പ്രയാസമനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഭരണ നേതൃത്വത്തെ എത്ര ശ്ലാഘിച്ചാലും മതിയാവില്ലെന്ന് തണൽ ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.

തണൽ നടത്തി വരുന്ന കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി യാത്ര മിഷൻ സംഘടിപ്പിച്ച സൗജന്യ യാത്രാ പദ്ധതിയിൽ രണ്ടു വിമാന ടിക്കറ്റുകൾ നൽകിക്കൊണ്ട് തണൽ ഭാഗമായിരുന്നു.

പ്രവാസികൾക്കിടയിൽ പ്രയാസമനുഭവിക്കുന്നവരേ ചേർത്ത് പിടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ്
തണൽ ബഹ്‌റൈനിൽ നടത്തിവരുന്നത്. ഈ പ്രവർത്തനങ്ങൾ തുടരുമെന്നും, പ്രയാസമനുഭവിക്കുന്നവർക്ക് തണൽ
പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സ്വദേശി-വിദേശി വേർതിരിവുകളില്ലാതെ പ്രവർത്തിക്കുന്ന ക്യാപിറ്റൽ ഗവർണറേറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും, ഗവർണറേറ്റ് രാജ്യത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തണലിന് സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് വ്യക്തമാക്കി.