ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കുളുകളും കോളജുകളും ഉള്‍പ്പടെയുള്ള രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. ലോക്ക് ഡൗണ്‍ പിന്‍വലിക്കലിന്റെ അവസാനഘട്ടമെന്ന നിലയിലാണ് നടപടി. ഇതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ മാസം അവസാനത്തോടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കും. സപ്തംബര്‍ 1 മുതലാണ് ആദ്യഘട്ടം ആരംഭിക്കുക. നവംബര്‍ 14നുള്ളില്‍ തുറക്കല്‍ പൂര്‍ത്തിയാക്കും.
സംസ്ഥാനത്തെയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതത് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടാകും. സപ്തംബര്‍ 1 മുതലുള്ള ആദ്യ പതിനഞ്ച് ദിവസം സ്‌കൂളുകളിലെ 10,11,12 ക്ലാസുകള്‍ തുടങ്ങാനുള്ള അനുമതിയാവും നല്‍കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഏറ്റവും അവസാനമായിരിക്കും തുറക്കുക. അതുവരെ ഈ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുള്ളത്.
കുട്ടികളെ ആറടിയില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരുത്തുക. ഇതിനായി ക്ലാസ് മുറികളില്‍ സൗകര്യമൊരുക്കാന്‍ സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. മോര്‍ണിങ് അസംബ്ലി, സ്പോര്‍ട്സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിക്കാനിടയില്ല. രാവിലെ 8 മുതല്‍ 11 വരെയും, 12 മുതല്‍ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. സ്‌കൂളുകളില്‍ ഇതിനായി സൗകര്യമുണ്ടായിരിക്കണം.
സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരേ സമയം സ്‌കൂളില്‍ അനുവദിക്കുക.