മനാമ: ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണെന്ന് കണ്ടെത്തല്‍. നിലവിൽ ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാള്‍ വേഗമുള്ളതാണ്. തല്‍ഫലമായി, ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നിലവില്‍ 24 മണിക്കൂര്‍ സമയത്തേക്കാള്‍ അല്‍പം കുറവാണ്.

ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളില്‍ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പര്‍മാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേവര്‍ഷം ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്.

‘നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്’ പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകള്‍ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചരിത്രവും ഉണ്ട്.