മനാമ: ദിശ സെന്റർ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ക്രിസ്മസ് പുതുവത്സര സ്നേഹ സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ വിവിധ സമൂഹങ്ങളിലുള്ള വ്യക്തികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഫേസ്ബുക്ക് ലൈവായും സൂം പ്ലാറ്റ്ഫോമിലുമായി ഓൺലൈനിൽ നടത്തിയ പരിപാടിയിൽ ഡയലോഗ് സെന്റർ കേരള സംസ്ഥാന സമിതി അംഗം വി.എൻ ഹാരിസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.സ്വന്തം മതത്തിലും ആദർശത്തിലും അടിയുറച്ചു നിൽക്കുന്ന മനുഷ്യർക്ക് മറ്റൊരു മതത്തിലോ ആദർശത്തിലോ നിലകൊള്ളുന്ന മനുഷ്യരെ സ്നേഹിക്കാനോ ആദരിക്കാനോ കഴിയില്ലെന്ന തെറ്റായ ധാരണ സമൂഹങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഇത്തരം സ്നേഹ സംഗമങ്ങൾ അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും മതഗ്രന്ഥങ്ങൾ അടിസ്ഥാനപരമായി ഊന്നുന്ന സന്ദേശം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.

ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാർ റവ. സാം ജോർജ്, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ് (ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്) എന്നിവർ ആശംസകൾ നേർന്നു. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതവും ഫ്രന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി സമാപനവും നിർവഹിച്ചു.

നജ്ദ റഫീഖ് പ്രാർത്ഥനാ ഗാനം ആലപിച്ചു. യൂനുസ് സലീം, മുഹമ്മദ് ഷാജി, ആഷിക് എരുമേലി ബഷീർ കാവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.