മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാർട്ടേഡ് വിമാന സർവ്വീസുകളിലെ മൂന്നാം ഘട്ടവും വിജയകരമായി നടപ്പിലാക്കാനായതായും ഈ ശ്രേണിയിലെ പതിനഞ്ചാമത് വിമാനം ഇന്ന് (വ്യാഴം) രാവിലെ കോഴിക്കോട്ടെക്ക് പുറപ്പെടുമെന്ന് സമാജം വാർത്താകുറിപ്പിൽ അറിയിച്ചു.

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സാമ്പത്തികവും, വിമാന സർവ്വീസുകളുടെ എണ്ണ കുറവ്വ് കൊണ്ടും നാട്ടിലെത്താൻ പ്രയാസപ്പെട്ട ബഹ്‌റൈൻ പ്രവാസികൾക്ക് ചാർട്ടർ വിമാന സർവ്വീസ് ആദ്യം പ്രഖ്യാപിച്ചതും സർവ്വീസ് നടത്തിയതും ബഹ്‌റൈൻ കേരളീയ സമാജമായിരുന്നു. ഇതിനു ശേഷം ബഹറിനിലെ നിരവധി സംഘടനകളും വ്യക്തികളും ഈ മേഖലയിലേക്ക് കടന്നു വന്നു.

ഇപ്പോഴും നാട്ടിൽ എത്തിചേരാനാഗ്രഹിക്കുന്ന ആളുകളുണ്ടെന്നും എന്നാൽ പഴയ പോലെ നാട് പിടിക്കാൻ വലിയ തിരക്ക് കൂട്ടൽ ഇപ്പോൾ പ്രകടമല്ലെന്നും ഏറ്റവും അത്യാവശ്യക്കാരായ മഹാഭൂരിപക്ഷവും നാട്ടിലെത്തി ചേർന്നതായും ഈ വിഷയത്തിൽ പ്രാഥമീകവും മാത്രകാപരവുമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.

നാലാം ഘട്ട യാത്രക്കാർക്ക് സമാജം എഫ് ബി പേജിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമാണെന്നും കൂടാതെ
സൗജന്യ യാത്രക്കാരുടെ എതാനും അപേക്ഷകൾ കൂടി ഇനിയും സ്വീകരിക്കാമെന്നും വിമാന സർവ്വീസുകൾക്ക് മലയാളി പൊതു സമൂഹം നൽകി വരുന്ന മികച്ച പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രകുറിപ്പിൽ അറിയിച്ചു.