മനാമ: കഴിഞ്ഞ ദിവസം കരിപ്പൂരിലുണ്ടായ വിമാനാപകടത്തിലും മൂന്നാറിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിലും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രണ്ടു ദുരന്തങ്ങളിലും നിരവധി ആളുകൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. നിരവധി ആളുകൾ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഉരുൾപൊട്ടലിൽ കാണാതായവരിൽ പലരെയും ഇത് വരെ കണ്ടെത്താനും സാധിച്ചിട്ടില്ല. അപകടത്തിൽ പെട്ട് പരുക്ക് പറ്റിയവർക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. കേരളം മഹാമാരിയുടെ കടുത്ത പരീക്ഷണം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരെ നന്ദിപൂർവ്വം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഓർമ്മിക്കുന്നു. അപകടത്തിൽ പെട്ടവരുടെ കുടുബാംഗങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്രയും പെട്ടെന്ന് പുനരധിവാസ പദ്ധതികൾ നടപ്പിലാക്കണം. മറ്റു ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കണമെന്നും വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.