മനാമ: നാടിനെ ദു:ഖത്തിലാഴ്ത്തിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. കൊവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാര്‍ത്ത കേട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങള്‍ എന്നിവര്‍ പറഞ്ഞു.

നാടും പ്രവാസികളുമെല്ലാം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് ദുബൈയില്‍നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറംലോകമറിയുന്നത്. നാട്ടുകാരുടെയും അധികൃതരുടെയും സമയോചിത ഇടപെടലിലൂടെയാണ് അപകടത്തിന്റെ തോത് കുറയ്ക്കാനായത്. കൊവിഡ് കാലത്തും അകലം പാലിക്കാതെ അപകടത്തില്‍പ്പെട്ടവരെ ചേര്‍ത്തുപിടിച്ച നാട്ടുകാരെ അഭിനന്ദിക്കുന്നതായും മരിച്ചരെയും അവരുടെ കുടുംബങ്ങളെയും ഏവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാവിധ സഹകരണങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍ കൂടെയുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.